തിരുവനന്തപുരം: പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുലർന്നു. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന മലയാളികൾ ഏറെ പ്രത്യാശയോടെയാണ് മലയാള പുതുവർഷത്തെ വരവേൽക്കുന്നത്. മണ്ണറിഞ്ഞ് ജീവിച്ചിരുന്ന മലയാളികൾക്ക് ഇന്ന് കർഷകദിനം കൂടിയാണ്.
മഴ തോരുന്നില്ലെങ്കിലും ചിങ്ങത്തിൽ മാനം തെളിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഓണവിപണികൾ ആടി മാസത്തിലേ സജീവമായിത്തുടങ്ങി. ചിങ്ങം 20നാണ് (സെപ്തംബർ 5) ഇത്തവണ പൊന്നോണം. പൂവിളി ആരംഭിക്കുന്ന അത്തം നാൾ ചിങ്ങം പത്തിനാണ്.
കർഷക ദിനാഘോഷം ഇന്ന്
തിരുവനന്തപുരം:ചിങ്ങം ഒന്ന് കർഷക ദിനം സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും ഇന്ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, മേയർ എം.കെ.വർഗീസ്, എം.എൽ.എ മാർ,എം.പി മാർ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 8.30ന് തൃശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നിന്നും വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് കേര പദ്ധതി വിഷയത്തിൽ സെമിനാർ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |