പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിൽ ഇന്നലെ വൈകിട്ടു നടന്ന ചർച്ചയ്ക്കും തർക്കങ്ങൾക്കുമൊടുവിൽ സമവായനീക്കത്തിലാണ് തിരഞ്ഞെടുപ്പ്. സെക്രട്ടറി സ്ഥാനത്തേക്ക് കോന്നി പ്രതിനിധി പി.ആർ ഗോപിനാഥനും തിരുവല്ലയിലെ അഡ്വ. രതീഷിനും വേണ്ടി ജില്ലാ എക്സിക്യൂട്ടീവിൽ വാദമുയർന്നിരുന്നു.അടൂർ നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണ ജനപ്രതിനിധിയാണ്.
കൊല്ലം പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ കർഷക തൊഴിലാളികളായ ടി.ഗോപാലകൃഷ്ണന്റെയും ടി.കെ ദേവയാനിയും മകനാണ് അറുപതുകാരനായ ചിറ്റയം.
കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്,സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി,സംസ്ഥാനകമ്മിറ്റി അംഗം,ദേശീയ കൗൺസിൽ അംഗം,എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം,കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി,ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്,കെ.ടി.ഡി.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു.
കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂരിലെത്തിയത്. ഭാര്യ,സി.ഷെർളി ബായി. മക്കൾ:എസ്.ജി അമൃത,എസ്.ജി അനുജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |