കോട്ടയം: ക്രിസ്തുവിന്റെ ക്രൂശിത രൂപം നിർമ്മിച്ച് ഉപജീവനം കണ്ടെത്തുന്ന ബേബിക്ക് വിശ്വാസവും ആശ്വാസവുമാണ് ക്രിസ്തു. തടിയിലും പ്ളാസ്റ്റിക്കിലും ഫൈബറിലും തുടങ്ങി കോൺക്രീറ്റിൽ വരെ രൂപങ്ങൾ നിർമ്മിക്കും. സംസ്ഥാനത്തിന് പുറമേ, ഡൽഹി, മംഗലാപുരം, വിദേശ രാജ്യങ്ങളായ ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഇപ്പോൾ ആവശ്യക്കാരെത്തുന്നു.
മാന്നാനം വലിയകാലായിൽ ബേബി സിറിയക്കിന് സ്‌കൂളിൽ പഠിക്കുമ്പോഴാണ് ക്രിസ്‌തുരൂപങ്ങളോട് പ്രത്യേക താത്പര്യം തുടങ്ങിയത്. അക്കാലത്ത് ഇവ വാങ്ങി മറ്റ് കടകളിൽ കൊണ്ടുപോയി വിറ്റിരുന്നു. തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തികം തടസമായതോടെയാണ് സ്വന്തമായി നിർമ്മിച്ച് വിൽക്കാമെന്ന ആശയമുണ്ടായത്. തടിപ്പണിക്കാരായ രണ്ടുപേരെ സഹായികളാക്കി. ഇവരിൽ നിന്ന് തടിപ്പണിയും പഠിച്ചു. 25,000 രൂപയായിരുന്നു മുതൽ മുടക്ക്. ആദ്യകാലങ്ങളിൽ കടകൾ കയറിയിറങ്ങിയും പള്ളികൾ കേന്ദ്രീകരിച്ചും പരിചയക്കാർ മുഖേനയുമായിരുന്നു വില്പന.
തേക്ക്, കുമ്പിൾ തടിയിലാണ് കുരിശ് നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്, ഫൈബർ എന്നിവയിൽ ക്രിസ്തുവിന്റെ രൂപവും. തുടർന്ന് ഇവ ഒട്ടിച്ചുചേർക്കും. കുമ്പിൾ തടിയിലും ക്രിസ്തുവിന്റെ രൂപം കൊത്തിയെടുക്കാറുണ്ട്. ഇപ്പോൾ ബേബിയുടെ മറീന ആർട്ട് സെന്ററിൽ മോൾഡിംഗ്, പെയിന്റിംഗ്, ആർട്ട് വർക്ക് എന്നിവയ്ക്കായി അന്യസംസ്ഥാന തൊഴിലാളികളും സമീപവാസികളും ഉൾപ്പെടെ 10 ജീവനക്കാരുണ്ട്. കെ.ഇ സ്‌കൂൾ അദ്ധ്യാപിക റെജിമോളാണ് ഭാര്യ. മക്കൾ: കിരൺ, ഏയ്ഞ്ചൽ.
വില മൂന്ന് ലക്ഷം വരെ
അഞ്ച് ഇഞ്ച് മുതൽ 24 അടി വരെയുള്ള ക്രൂശിത രൂപം ബേബി നിർമ്മിക്കും. അഞ്ച് ഇഞ്ചിന്റെ വില 11 രൂപ, ആറ് ഇഞ്ചിന് 18 രൂപ. 24 ഇഞ്ച് 525 രൂപ. 8000 രൂപ തുടങ്ങി മൂന്ന് ലക്ഷം വരെ വിലയുള്ളവയുണ്ട്. ഒരു ദിവസം മുതൽ മൂന്ന് ആഴ്ചകൾവരെ എടുക്കും നിർമ്മാണത്തിന്. വലിയ നോമ്പ് കാലമായതിനാൽ സീസൺ സമയമാണിതെന്ന് ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |