തിരുവനന്തപുരം:പൊലീസിന്റെ വിശ്വാസ്യത കളയുന്ന സേനയിലെ ക്രമിനലുകളെ പടിപടിയായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പറഞ്ഞു.
എട്ട് വർഷത്തിനുള്ളിൽ ക്രിമിനൽ ബന്ധമുള്ള108 ഉദ്യോഗസ്ഥരെ പുറത്താക്കി. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളാവുമ്പോൾ സേനയുടെ വിശ്വാസ്യതയാണ് കളങ്കപ്പെടുന്നത്. ക്രിമിനലുകളെ പോലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നാണ് സർക്കാരിന്റെ നയം.സേനയുടെ അച്ചടക്കം പലതലങ്ങളിൽ വിലയിരുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ ചങ്ങാത്തത്തിന് നിയന്ത്രണം കൊണ്ടുവരും. ആരുവിളിച്ചാലും പോകുക, അവർക്കൊപ്പം ഫോട്ടോയെടുക്കുക,വിരുന്നിൽ പങ്കെടുക്കുക തുടങ്ങിയവ അനുവദിക്കില്ല. വനിതാപൊലീസിന്റെ എണ്ണം കൂട്ടും.നിലവിൽ11.6% വനിതാപൊലീസുണ്ട്.ഇത് 15% ആയി വർദ്ധിപ്പിക്കും.
ട്രെയിനുകളിലെ അക്രമം തടയാൻ പൊലീസ് ഇടപെടും.ട്രെയിനിൽ മനുഷ്യക്കടത്തും ലഹരിക്കടത്തും കൂടുന്നുണ്ട്. ഇത് തടയാൻ സഹായിക്കാൻ 13പൊലീസ് സ്റ്റേഷനുകളിൽ ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കും.
സൈബർ കുറ്റങ്ങൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തി സൈബർവാൾ നടപ്പാക്കും. അതോടെ ജനങ്ങൾക്ക് വരുന്ന ഫോണുകൾ വ്യാജമാണോ എന്നറിയാം. പൊലീസ് ഡാറ്റ, ഫോട്ടോഗ്രാഫുകൾ, സി സി ടിവി ഫുട്ടേജുകൾ, കുറ്റകൃത്യങ്ങളുടെ രേഖകൾ, തെളിവ് ഫയലുകൾ തുടങ്ങിയവ അതിവേഗം വിശകലനം ചെയ്ക്ക് കുറ്റവാളികളെ ഉടൻ കണ്ടെത്താനും കഴിയും.
അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകളെ കണ്ടെത്താൻ പോലീസിന്റെ വെബ്‌സൈറ്റിൽ ലേബർ രജിസ്‌ട്രേഷൻ ഡാറ്റാ ബേസ് നിർബന്ധമാക്കും.
ജയിൽ മാന്വൽ പരിഷ്ക്കരിക്കും.1979ലെ മാന്വലാണ് ഇപ്പോഴുള്ളത്. ജയിൽ ചട്ടങ്ങളിലും മാറ്റംവരുത്തും. 2014ലാണ് ചട്ടം പരിഷ്ക്കരിച്ചത്. പ്രധാന ഓഫീസർമാരുടെ കർത്തവ്യം, സുരക്ഷാ നടപടികളിലെ പരിഷ്‌കരണം, കോടതികളിലെ ഓൺലൈൻ വിചാരണ, സ്ത്രീ തടവുകാരുടെ പ്രശ്നങ്ങൾ, രോഗികളായ തടവുകാരെ ചികിത്സിക്കാനുള്ള വ്യവസ്ഥകൾ, തുടങ്ങിയവ ചട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇതിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും.
മാധ്യമപ്രവർത്തകരുടെ ക്ഷേമം ഉറപ്പുവരുത്താൻ പെൻഷൻ പദ്ധതി ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |