
തിരുവനന്തപുരം: 2006ൽ പറവൂരിൽ ആർ.എസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നത്തെ ചടങ്ങിന്റെ ഫോട്ടോയ്ക്കൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്‌കൂളിൽ ഈ പരിപാടി നടന്നത്. അതായത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.
2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിണറായി ആർ.എസ്.എസ്
ഏജന്റ് : വി.ഡി സതീശൻ
തിരുവനന്തപുരം; ലക്ഷണമൊത്ത ആർ.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്ന് വി.ഡി. സതീശൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിച്ചു.
1977 ൽ ആർ.എസ്.എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് വി.ഡി സതീശനല്ല, പിണറായി വിജയനാണ്. അന്ന് ഉദുമയിലെ സി.പി.എം- ആർ.എസ്.എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നു ആർ.എസ്.എസ് നേതാവ് കെ.ജി മാരാർ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി സഖ്യം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയത് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്റർ ബാലശങ്കറാണ്. മാസ്‌കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ പിണറായി ചർച്ച നടത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ അന്വേഷണങ്ങൾ ഒഴിവാക്കുന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചു.എ.ഡി.ജി.പിയെ ആർ.എസ്.എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ചു. തൃശൂർ പൂരം കലക്കി ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |