SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

എന്തെല്ലാം എഴുതിവിട്ടിട്ടും ഫലം കണ്ടില്ലേ?; തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ നേട്ടത്തിൽ മാദ്ധ്യമങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

കണ്ണൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ നേട്ടം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി കണ്ണൂരിൽ നട‌ക്കുന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മന്ത്രി ഓഫീസുകളും മുഖ്യമന്ത്രിയുടെ ഓഫീസുമൊക്കെ വല്ലാതെ വിഷമിക്കുകയാണ്. ഉദ്യോഗസ്ഥൻമാർ വല്ലാതെ വിഷമിക്കുകയാണ്. ആളെക്കൂട്ടാൻ എങ്ങനെ കഴിയും എന്നാണ് വിഷമിക്കുന്നത്. ആളുകളില്ലാതെ വിഷമിക്കുന്നു എന്നതായിരുന്നു റിപ്പോർട്ട് വായിച്ചത്. പ്രത്യേക മനസ്ഥിതിയോടെ കാര്യങ്ങൾ കാണാൻ പാടില്ല. ഇതെല്ലാം എഴുതിയിട്ടും ഫലം എന്താണെന്ന് ഇന്നലെ കണ്ടില്ലേ?

അവിടെ നിന്നെങ്കിലും മനസിലാക്കാൻ കഴിയേണ്ടെ കാര്യങ്ങൾ? നമ്മുടെ നാട്ടിലെ ജനങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങൾ എടുക്കുന്നത്. ശരിയായ വിവേചന ബുദ്ധി ജനങ്ങൾക്കുണ്ടെന്നെങ്കിലും മനസിലാക്കാനുള്ള ബുദ്ധി ഇത്തരം മാദ്ധ്യമങ്ങൾക്ക് വേണ്ടേ?'-മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

23 വാർഡുകളിലാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്. 10 സീറ്റിൽ എൽഡിഎഫ് ജയിച്ചു. മുൻപിത് അഞ്ച് സീറ്റ് ആയിരുന്നു. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10ലേക്ക് ചുരുങ്ങി. നാല് സീറ്റുണ്ടായിരുന്ന ബിജെപി മൂന്നിലേക്കും ചുരുങ്ങി.

പാലക്കാട് തത്തമംഗലം മുനിസിപ്പാലിറ്റി, പൂക്കോട്ട്കാവ്, തിരുവനന്തപുരം പഴയകുന്നുമ്മൽ എന്നീ പഞ്ചായത്തുകളിലും സിറ്റിംഗ് സീറ്റ് സിപിഎം നിലനിറുത്തി. ആലപ്പുഴ വെളിയനാട്ട് ബിജെപിയോടും, എറണാകുളം എടവനക്കാട്ട് കോൺഗ്രസിനോടും തോറ്റു. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്ത് ബിജെപിയുടേയും എറണാകുളത്തെ നെടുമ്പാശേരി, തൃശൂരിലെ മുല്ലശേരി, കണ്ണൂരിലെ മുഴുപ്പിലങ്ങാട്, പാലക്കാട്ടെ എരുത്തേമ്പതി തുടങ്ങിയ പഞ്ചായത്തുസീറ്റുകളും കോൺഗ്രസിൽ നിന്ന് സിപിഎം പിടിച്ചെടുത്തു.

തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാറും, കൊല്ലത്തെ ചടയമംഗലം പഞ്ചായത്തിലെയും വാർഡുകൾ ബിജെപിയിൽ നിന്ന് സിപിഐ പിടിച്ചെടുത്തു. ഇതോടെ എൽഡിഫിന്റെ നേട്ടം 10 സീറ്റായി. വെള്ളാറിലെ തോൽവി ബിജെപിക്ക് ക്ഷീണമായി.

TAGS: BYELECTION, LDF, CM PINARAYI VIJAYAN, MUKAMUKAM, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY