SignIn
Kerala Kaumudi Online
Friday, 12 June 2026 4.00 AM IST

നിതിൻ രാജിന്റെ ആത്മഹത്യ: അദ്ധ്യാപകർക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കോളേജ് മാനേജ്മെന്റ്

READ ENGLISH VERSION
nithin-raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് മാനേജ്‌മെന്റ്. നിതിന്റെ മരണത്തിൽ സ്ഥാപനത്തിനോ അദ്ധ്യാപകർക്കോ യാതൊരു പങ്കുമില്ലെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും കോളേജ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.


മരണദിവസം നിതിനെ പ്രിൻസിപ്പൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത് ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതി സംസാരിക്കാനാണെന്ന് കോളേജ് അധികൃതർ പറയുന്നു. നിതിൻ എടുത്ത ഓൺലൈൻ ലോണിന്റെ റഫറൻസ് ലിസ്റ്റിൽ കോളേജിലെ ഒരു അദ്ധ്യാപികയുടെ പേരും ഉൾപ്പെട്ടിരുന്നു. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ റിക്കവറി ഏജന്റുമാർ ഈ അദ്ധ്യാപികയെ ഫോണിലൂടെയും മെസേജുകളിലൂടെയും ശല്യം ചെയ്യാൻ തുടങ്ങി. ഈ വിഷയം സംസാരിക്കാനാണ് നിതിനെ വിളിപ്പിച്ചത്.

സഹോദരീ ഭർത്താവിന് വേണ്ടിയാണ് ലോൺ എടുത്തതെന്നാണ് നിതിൻ പ്രിൻസിപ്പലിനോട് പറഞ്ഞത്. തുടർന്ന് നിതിന്റെ സഹോദരീ ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അദ്ധ്യാപികയുടെ പേര് റഫറൻസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും താനല്ല പേര് നൽകിയതെന്ന നിലപാടിലായിരുന്നു നിതിൻ. ഇതേത്തുടർന്ന് അദ്ധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിക്കുകയും പരാതി എഴുതാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്താണ് നിതിൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയത്.


പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയ നിതിൻ തൊട്ടടുത്ത മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കോളേജിലെ ആർക്കും ഈ സംഭവത്തിൽ പങ്കില്ലെന്നും നിതിൻ മരിക്കുന്നത് വരെ സ്ഥാപനത്തിനെതിരെയോ അദ്ധ്യാപകർക്കെതിരെയോ പരാതികൾ നൽകിയിട്ടില്ലെന്നും കോളേജ് നോട്ടീസിൽ പറയുന്നു. മാദ്ധ്യമങ്ങളിലൂടെ കോളേജിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിതിന്റെ മരണത്തിന് പിന്നിൽ മാനസിക സമ്മർദ്ദങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHINRAJ, SUICIDE, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA