
കണ്ണൂർ: സൂര്യാതപമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. പള്ളിപ്പൊയിൽ ഇന്നലെ ഉച്ചയ്‌ക്ക് കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാതപമേറ്റത്. കുഴഞ്ഞുവീണ സനൽ കുമാറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മരണകാരണം സൂര്യാതപമേറ്റതാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലായി നിരവധിപേർ സൂര്യാതപമേറ്റ് ചികിത്സയിൽ കഴിയുകയാണ്. കോഴിക്കോട് നാദാപുരം വളയത്ത് അങ്കണവാടി ടീച്ചർ അനിലയ്‌ക്ക് സൂര്യാതപമേറ്റു. വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചികിത്സ തേടിയതോടെ സൂര്യാതപമാണെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂരിൽ നാല് വയസുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെ പൊള്ളലേൽക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണയേക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |