
കോട്ടയം: രാവിലെ പിക്കപ്പ് ഓട്ടോ ഓടിച്ച് കരിക്ക് തേടിപ്പോകും. എത്ര ഉയരമുള്ള തെങ്ങിലും കയറും. കരിക്കിൻകുല വെട്ടി വടത്തിൽ കെട്ടിയിറക്കും. കോട്ടയം നഗരത്തിലെത്തിച്ച് വിൽക്കും.
ഇത് അനിതയുടെ ദിനചര്യ. തെങ്ങാണ് അനിതയ്ക്ക് സർവതും. ഭർത്താവ് ഇട്ടേച്ചുപോയപ്പോൾ വീഴാതെ താങ്ങിയത് കരിക്ക് കച്ചവടമാണ്. രണ്ടു മക്കളെയും വൃദ്ധയായ അമ്മായി അമ്മയെയും പോറ്റാൻ കണ്ടെത്തിയ മാർഗം.
നാഗമ്പടത്താണ് 51കാരി കാരാപ്പുഴ കൊച്ചുകൊട്ടാരത്തിൽ അനിതയുടെ കരിക്ക് സ്റ്റാൾ. 38-ാമത്തെ വയസിൽ തുടങ്ങിയ തൊഴിൽ. വെഞ്ഞാറമൂട് സ്വദേശി അനിത 19-ാം വയസിൽ കോട്ടയത്ത് മണവാട്ടിയായെത്തിയതാണ്. മദ്യപാനിയായ ഭർത്താവ് ഉണ്ണിക്കൃഷ്‌ണൻ വീട്ടിൽ സ്ഥിരം വഴക്കായിരുന്നു. 20 വർഷം മുമ്പ് ഒരുനാൾ വീടുവിട്ടിറങ്ങി. തിരിച്ചെത്തിയില്ല.
മക്കളായ അഞ്ജനയും അഖിലും അന്ന് കൊച്ചു കുഞ്ഞുങ്ങൾ. തളർന്നിരുന്നില്ല അനിത. ഓട്ടോ ഓടിക്കാൻ പഠിച്ചു. ബാങ്ക് ലോണിൽ പിക്കപ്പെടുത്തു. കരിക്ക് നഗരത്തിലെത്തിക്കാൻ പതിവ് ഓട്ടം കിട്ടി. പക്ഷേ, ഓട്ടക്കൂലി ഒന്നിനും തികയുന്നില്ല. കരിക്ക് കച്ചവടം തുടങ്ങിയാലോ എന്നായി ചിന്ത. 2,800 രൂപയ്ക്ക് യന്ത്രം വാങ്ങി തെങ്ങുകയറ്റം സ്വയം പഠിച്ചെടുത്തു. ആദ്യദിനം തന്നെ അഞ്ച് തെങ്ങിൽ കയറി. ഇപ്പോൾ, പ്രതിദിനം 100ൽ കൂടുതൽ നാടൻ കരിക്കുകൾ വെട്ടും. തിരുവാർപ്പ്, പരിപ്പ്, കുമരകം, കല്ലൂങ്കത്രപള്ളി, ഒളശ പ്രദേശങ്ങളിലെ തെങ്ങിലാണ് കയറുന്നത്. കരിക്ക് ഒന്നിന് 60 രൂപയ്‌ക്കാണ് വില്പന. പ്രതിദിനം 2,000- 2,500 രൂപ വരെ വരുമാനം.
നഴ്സിംഗ് പഠിപ്പിച്ച് മകളെ കെട്ടിച്ചയച്ചു. മകന് പാസഞ്ചർ ഒാട്ടോ വാങ്ങിക്കൊടുത്തു. വാടകവീട്ടിലാണ് അനിതയും കുടുംബവും കഴിയുന്നത്.
സ്വന്തമായൊരു വീടെന്ന മോഹം ബാക്കിയുണ്ട്. ആരോഗ്യമുള്ളിടത്തോളം തെങ്ങിൽ കയറും
- അനിത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |