തിരുവനന്തപുരം: സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മിഷന് സിനിമാ സംഘടനകൾ ഉറപ്പ് നൽകി. വിമൻ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളായ മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്, അമ്മ, ഫെഫ്ക എന്നിവയുടെ പ്രതിനിധികളുടെ വാദം കേൾക്കാനായി നടത്തിയ സിറ്റിംഗിലാണ് സംഘടനകൾ ഉറപ്പ് നൽകിയത്. എല്ലാ പ്രൊഡക്ഷൻ യൂണിറ്റുകളിലും രജിസ്ട്രേഷൻ നടപടികൾ കൈക്കൊള്ളുന്ന അവസരത്തിൽത്തന്നെ ഫിലിം നിർമ്മാണ യൂണിറ്റുകളിൽ ആഭ്യന്തര പരാതി സമിതി രൂപീകരിച്ചെന്ന് ഉറപ്പുവരുത്തും. ഇന്റേണൽ കംപ്ലെയിന്റസ് കമ്മിറ്റി രൂപീകരണത്തിനും പ്രവർത്തനത്തിനും മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഓൺലൈൻ പരിശീലന പരിപാടി കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി അദ്ധ്യക്ഷയായി. കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പി.ഗിരിജ എന്നിവർ പങ്കെടുത്തു. മിറിയം ജോസഫ്, ബീനാ പോൾ (ഡബ്ലിയു.സി.സി), മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, അജ്മൽ ശ്രീകണ്ഠാപുരം, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി.സുരേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി അനിൽ തോമസ്, ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, പ്രൊഡ്യൂസേഴ്സ് അസോസയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത്, ബി.രാകേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |