തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ സ്‌റ്റേഷനിൽ മർദ്ദിച്ച പൊലീസുകാരെ,ഇനി കാക്കി വേഷം ധരിച്ച് വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മർദ്ദനമേറ്റ വി.എസ്.സുജിത്തിനെ കുന്നംകുളത്തെ വീട്ടിൽ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മറ്റ് പാർട്ടികളെ പോലെ ഇത്തരം വിഷയങ്ങളിൽ വികാരപരമായി പ്രതികരിക്കാറില്ല.സർക്കാരിന് ഈ പൊലീസുകാർക്കെതിരെ സമയബന്ധിതമായി നടപടികളെടുക്കാനുള്ള അവസരം നൽകും. അതിന് അധികം കാത്തുനിൽക്കില്ല.ഈ വിഷയത്തിൽ താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ജയിലിൽ പോയാലും ഇവർ കാക്കി അണിഞ്ഞ് ഒരു കാരണവശാലും ജോലി ചെയ്യാൻ അനുവദിക്കില്ല.രണ്ടു വർഷം മുമ്പ് ഉന്നത പൊലീസ് ഓഫീസർമാർ സി.സി.ടി.വി ദൃശ്യം കണ്ടതാണ്.എന്നിട്ടും നടപടിയെടുത്തില്ല.ഈ വിഷയം കോൺഗ്രസ് പാർട്ടി ഏറ്റെടുത്തുകഴിഞ്ഞെന്നും വി.ഡി.സതീശൻ പറഞ്ഞു.
മർദ്ദനത്തിന് മറുപടി പറയേണ്ടത്
മുഖ്യമന്ത്രി : ചെന്നിത്തല
തൃശൂർ: സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിനു മറുപടി പറയേണ്ട ബാദ്ധ്യത മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദർശിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പ് ഭരിച്ച ഒരാളാണ് ഞാൻ. അന്ന് പൊതുജനങ്ങളെ മർദ്ദിക്കാൻ പാടില്ലെന്ന ശക്തമായ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻപോലും ആരുമില്ല. നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര, സർവീസിൽ നിന്നു പുറത്താക്കണം.
മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കും. പൊലീസ് സ്റ്റേഷനുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളല്ല. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, ജോസ് വള്ളൂർ, എ.പ്രസാദ്, ജോസഫ് ചാലിശേരി തുടങ്ങിയവർ ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |