
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ
ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്ന കോൺഗ്രസ് നേതൃത്വം
പരിമിതമായി നൽകുന്നതാകട്ടെ, ജയസാദ്ധ്യത കുറഞ്ഞ സീറ്റുകളെന്ന് ആക്ഷേപം.
2016, 2021 തിരഞ്ഞെടുപ്പുകളിൽ ഈഴവ സമുദായത്തിന്
നൽകിയത് 14 സീറ്റ്. വിജയിച്ചത് ഒരു സീറ്റിൽ. വിശ്വകർമ്മ,ധീവര തുടങ്ങിയ
പിന്നാക്ക വിഭാഗങ്ങളുടെ സഭയിലെ കോൺഗ്രസ് പ്രാതിനിദ്ധ്യം പൂജ്യം.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,തൃശൂർ,പാലക്കാട്,കോഴിക്കോട്
തുടങ്ങിയ ജില്ലകളിലെ പിന്നാക്ക പ്രാമുഖ്യമുള്ള മണ്ഡലങ്ങളിൽനിന്ന് പിന്നാക്കക്കാരായ
നിരവധി കോൺഗ്രസ് നേതാക്കൾ എം.എൽ.എമാരും മന്ത്രിമാരുമായിട്ടുണ്ട്.നിയമസഭയിൽ
പിന്നാക്ക പ്രാതിനിദ്ധ്യം 35വരെ ഉയർന്ന കാലഘട്ടമുണ്ടായിരുന്നു. അന്ന് കെ.കരുണാകരനും എ.കെ.ആന്റണിയും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായിരുന്നു. നേതൃമാറ്റത്തോടെയാണ് വെട്ടിനിരത്തൽ തുടങ്ങിയത്.
കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്,തൃശൂർ ഡി.സി.സി പ്രസിഡന്റ് തങ്കപ്പൻ,പി.ചന്ദ്രൻ,ആലപ്പുഴയിലെ അനിൽ ബോസ്,കോഴിക്കോട്ടെ എം.രാജൻ തുടങ്ങിയ പാർട്ടിയിലെ ഈഴവ നേതാക്കൾ പല തിരഞ്ഞെടുപ്പിലും പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയിൽ കടന്നുകൂടാറുണ്ടെങ്കിലും അവസാനനിമിഷം പുറത്താവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽനിന്ന് കെ.ബാബു മാത്രമാണ് നിയമസഭ കണ്ടത്. ഇത്തവണ അനാരോഗ്യം നിമിത്തം മത്സരിക്കാനുള്ള സാദ്ധ്യത കുറഞ്ഞതോടെ
മറ്റുസമുദായങ്ങളിലെ ചില നേതാക്കളെ പരിഗണിക്കുന്നെന്നാണ് സൂചന.
അടൂർപ്രകാശ് തുടർച്ചയായി ജയിച്ച കോന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരത്തെ വർക്കല,കഴക്കൂട്ടം,വട്ടിയൂർക്കാവ് സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
സി.പി.എം ഈഴവ സമുദായത്തിന് നൽകിയത്. മൂന്നുസീറ്റും പിടിച്ചു. കഴക്കൂട്ടത്ത് മത്സരിച്ച കോൺഗ്രസിന്റെ ജില്ലയിലെ ഏക സ്ഥാനാർത്ഥി തോറ്റു.
ശരത്തിന് സീറ്റ്
തെറിച്ചത് 2 തവണ
കാൽനൂറ്റാണ്ടായി കെ.പി.സി.സി ഭാരവാഹിയായ ടി.ശരത് ചന്ദ്രപ്രസാദ്
2003ൽ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിലും
കെ.എസ്.യുവിലും പ്രവർത്തിച്ചിരുന്നവർ പിന്നീട് മന്ത്രിമാരും എം.പിമാരുമൊക്കെയായി.
മുൻ ആറ്റിങ്ങൽ എം.എൽ.എയായ ശരത്തിന് തിരുവനന്തപുരം സീറ്റ് (അന്നത്തെ തിരു.വെസ്റ്റ്) കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് രണ്ടുതവണ- 2001ലും, 2006ലും.
2001ൽ ശരത്തിനെ പ്രഖ്യാപിക്കുകയും ചുവരെഴുത്തുകൾ നടത്തുകയും ചെയ്തശേഷം എം.വി.രാഘവനുവേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു. 2006ൽ വീണ്ടും സീറ്റ് നൽകിയെങ്കിലും
കെ.കരുണാകരനും കൂട്ടരും ഡി.ഐ.സി രൂപീകരിച്ചതോടെ, കോൺഗ്രസിലെ സമവാക്യങ്ങൾ മാറി. അതോടെ വെസ്റ്റിൽ ശോഭനാ ജോർജ് സ്ഥാനാർത്ഥിയായി.
2008ൽ തിരുവനന്തപുരം സെൻട്രലായി മാറിയ സീറ്റിൽ 2011ലും, 2016ലും വി.എസ്.ശിവകുമാർ വിജയിച്ചു. 2021ൽ പരാജയപ്പെട്ടു. ഇത്തവണ തിരുവനന്തപുരം സെൻട്രൽ സീറ്റാണ് ശരത് ആവശ്യപ്പെട്ടിട്ടുള്ളത്. കെ.മുരളീധരൻ, വി.എസ്.ശിവകുമാർ.കെ.എസ്.ശബരീനാഥൻ, സി.എം.പി നേതാവ് സി.പി.ജോൺ എന്നിവരുടെ പേരുകളും പ്രചരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |