
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിനെ സസ്‌പെൻഡ് ചെയ്തത് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതന് പാർട്ടി സംരക്ഷണവലയം ഒരുക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
'സാഹചര്യങ്ങൾ പരിശോധിച്ചിട്ട് മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയുള്ളൂ. ഈ വിഷയത്തിൽ കോൺഗ്രസിന് ഇനി ചെയ്യാൻ ഒന്നുമില്ല. അതുകൊണ്ട് ഇപ്പോഴത്തെ വിവാദങ്ങളിലും താൽപര്യമില്ല. രാഹുലിനെ അറസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ ആലോചിക്കാം. രാഹുലിന്റെ എംഎൽഎ സ്ഥാനം പാർട്ടി വിചാരിച്ചാൽ പോകുന്നതല്ല. അത് രാഹുൽ സ്വയം വിചാരിക്കേണ്ടതാണ്. ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യം തന്നെയാണ് സസ്‌പെൻഷൻ.
ഇത് ഉള്ളടത്തോളം കാലം രാഹുലിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ സാധിക്കില്ല. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ സസ്‌പെൻഷനിലായിട്ട് പങ്കെടുത്തിട്ടില്ല.പാർട്ടി നേതാക്കളുമായി വേദിയും പങ്കിട്ടിട്ടില്ല. ഇനി സൂക്ഷ്മമായി പാർട്ടി ഇക്കാര്യം കൈകാര്യം ചെയ്യും. രാഹുലിന്റെ സംരക്ഷണം ഒരുക്കുന്നതിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. രാഹുൽ ഒളിവിൽ പോയതിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല. പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. രാജി വയ്ക്കണമോയെന്നത് രാഹുൽ തീരുമാനിക്കേണ്ട കാര്യമാണ്. കുറ്റാരോപിതർ തന്നെ അവരുടെ സംരക്ഷണ വലയം തീർക്കണം. പക്ഷെ ഇതൊന്നും കൊണ്ട് ശബരിമലയിലെ സ്വർണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ട. ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും'- മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |