
ഒരിക്കൽ ഇന്ത്യ ഭരിച്ചിരുന്ന പാർട്ടി. രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലൊഴിച്ച് ബാക്കിയെല്ലായിടത്തും അധികാരവും... ഒരുകാലത്ത് കോൺഗ്രസ് ഇങ്ങനെയായിരുന്നു. ഒരിക്കൽ വൻ ശക്തിയായിരുന്നു കോൺഗ്രസ് ഇന്ന് മെലിഞ്ഞുണങ്ങി കേവലം മൂന്ന് സംസ്ഥാനങ്ങൾ മാത്രം (ഹിമാചൽപ്രദേശ്, കർണാടക, തെലങ്കാന) ഭരിക്കുന്ന അവസ്ഥയിലേക്ക് കോലംകെട്ടു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ പോലുള്ള വലിയ സംസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നുപറഞ്ഞാൽ അത് എന്താണെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങൾ. പാർട്ടിക്ക് ഏറെ ശക്തിയുള്ള കേരളത്തിൽ പത്തുവർഷമായി പ്രതിപക്ഷത്താണ്. അടുത്തുനടക്കാൻപോകുന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് ഒരുറപ്പും പാർട്ടിക്കാർക്കുപോലും ഇപ്പോഴില്ല. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിന്റെ വിലപേശൽ ദുർബലമാവുകയാണ്.
കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രയത്നിച്ചുകൊണ്ടിരുന്ന മോദിയെയും ബിജെപിയെ വെല്ലുവിളിച്ചുകൊണ്ടാണ് 2018ലെ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കാേൺഗ്രസ് അധികാരത്തിലെത്തിയത്. ഇത് പാർട്ടി അണികൾക്കിടയിൽ ഉണ്ടാക്കിയ ഉണർവ് ചില്ലറയായിരുന്നില്ല. പക്ഷേ, നാളുകൾ കഴിഞ്ഞതോടെ കോൺഗ്രസിന്റെ തീരാശാപമായ ഉൾപ്പോര് ഈ രണ്ട് സംസ്ഥാനങ്ങളിലും ശക്തമായി. പാർട്ടിക്ക് അടിപതറുന്നതാണ് പിന്നീട് കാണേണ്ടിവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശ് എത്രത്തോളം നിർണായകമാണോ അതുപോലെ നിർണായകമാണ് രാജസ്ഥാനും മദ്ധ്യപ്രദേശും. അതിനാൽത്തന്നെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട സ്ഥലങ്ങൾ. പക്ഷേ, ഉൾപ്പോരിൽ രണ്ടുസംസ്ഥാനങ്ങളും കൈവിട്ടു . മാത്രമല്ല മദ്ധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയശില്പിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞ് ബിജെപി പാളയത്തിൽ എത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതെ കമൽനാഥിന് സ്ഥാനം നൽകിയതായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെ ചൊടിപ്പിച്ചത്. രാജസ്ഥാനിലും ഏറക്കുറെ ഇതിന് സമാനമായതുതന്നെ സംഭവിച്ചു. പക്ഷേ, കോൺഗ്രസിൽ നിന്ന് നേതാക്കളാരും ബിജെപി പാളയത്തിൽ എത്തിയില്ല.
യുവ രക്തങ്ങൾക്ക് അവസരം കൊടുക്കുന്നതിനുപകരം കടൽക്കിഴവൻമാർക്ക് സ്ഥാനങ്ങൾ നൽകുന്നു എന്നതായിരുന്നു രണ്ടിടങ്ങളിലും പാർട്ടിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. രാജസ്ഥാനിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം തന്നെ വരുമെന്ന് എല്ലാവരും കരുതി. ആ പ്രതീക്ഷയെ അസ്ഥാനത്താക്കി അശോക് ഗെഹ്‌ലോത്തിനെ പാർട്ടി മുഖമന്ത്രിയായി അവരോധിച്ചു. കടുത്ത നീരസമുണ്ടായിരുന്നിട്ടും പാർട്ടി തീരുമാനം സച്ചിൻ അനുസരിച്ചു. പക്ഷേ, നീരസം ഉമിത്തീപോലെ എരിഞ്ഞ് ഒടുവിൽ പൊട്ടിത്തെറിയുടെ വക്കിൽവരെ എത്തി. സച്ചിനും കൂട്ടരും കടുത്ത എതിർപ്പുയർത്തിയിട്ടും ഗെഹ്‌ലോത്തിന് മുഖ്യമന്ത്രിസ്ഥാനത്ത് ഉറച്ചിരിക്കാനായത് സോണിയാ ഗാന്ധിയോടുള്ള അടുപ്പമായിരുന്നു.
പക്ഷേ, പിന്നീട് കോൺഗ്രസ് ഹൈക്കമാൻഡിനെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലായി ഗെഹ്‌ലോത്ത്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഹൈക്കമാൻഡ് ഗെഹ്‌ലോത്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം നിരസിച്ചു. മുഖ്യമന്ത്രിപദം കൈവിടാനുള്ള വിമുഖത തന്നെയായിരുന്നു അതിന് കാരണം. പാർട്ടി ഹൈക്കമാൻഡിനെപ്പോലും വെല്ലുവിളിച്ചിട്ടും ശേഷിക്കുന്ന കാലയളവിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിനായി. കോൺഗ്രസ് ഹൈക്കമാൻഡ് എത്രമാത്രം ദുർബലമാണെന്ന് വ്യക്തമാകുന്ന ശക്തമായ തെളിവുകൂടിയായിരുന്നു ഇത്. അടുത്തുനടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.
ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ കർണാടകയിലും പാർട്ടിയിലെ പോര് കനക്കുകയാണ്. ബിജെപിയെ തളച്ച് ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തിയിട്ട് രണ്ടരവർഷം പിന്നിട്ടു. സംസ്ഥാനത്ത് കോൺഗ്രസ് തേരോട്ടത്തിന് വളരെ വലിയ പങ്കുവഹിച്ചെങ്കിലും സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് ഡികെ ശിവകുമാറും അനുയായികളുമാണ് ഇപ്പോൾ കലാപപുറപ്പാടുമായി രംഗത്തെത്തിയിരിക്കുന്നത്. സിദ്ധരാമയ്യ അധികാരമേൽക്കുമ്പോൾ ഉണ്ടാക്കിയ കരാർ പ്രകാരം രണ്ടരവർഷം കഴിയുമ്പോൾ അധികാരം ഡികെയ്ക്ക് കൈമാറണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. നിലവിൽ പിസിസി അദ്ധ്യക്ഷനാണ് ശിവകുമാർ. പദവിയിൽ ആറുവർഷം പൂർത്തിയാകുന്ന 2026മാർച്ചിൽ അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. 2020 മേയിലാണ് അദ്ദേഹം പിസിസി അദ്ധ്യക്ഷനായത്.
ഡികെയെ അനുകൂലിക്കുന്ന എംഎൽഎമാർ ഡൽഹിയിൽ പാർട്ടി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് അറിയുന്നത്. ഒരു മന്ത്രിയുൾപ്പെടെയുള്ള പത്തുപേർ ഇന്നലെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. അധികാരം പങ്കിടൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും കാണുകയാണ് അവരുടെ ലക്ഷ്യം. ഇവരുടെ ആവശ്യം പരിഗണിക്കാതെ സായിപ്പിനെകാണുമ്പോൾ കവാത്തുമറക്കുന്നതുപോലെ പാർട്ടി നേതൃത്വം പെരുമാറിയാൽ കർണാടകയും മറ്റൊരു മദ്ധ്യപ്രദേശ് ആകുമോ എന്നാണ് പാർട്ടി അണികൾക്ക് ഭയം. എല്ലാ അർത്ഥത്തിലും ശക്തരായ ബിജെപി അവസരം പാർത്തിരിക്കുന്നതാണ് അവരെ കൂടുതൽ ഭയപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |