
മലയാളികളെ സംബന്ധിച്ച് മത്തി മീനിന് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലോകത്തെമ്പാടുമുള്ള മത്സ്യങ്ങളില്‍ പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട് മത്തിക്ക്. കറിയായിട്ടും വറുത്തും ഒക്കെ യഥേഷ്ടം നാം കഴിക്കുന്ന മത്തിയുടെ ഗുണങ്ങള്‍ കൊച്ച് കുട്ടികള്‍ക്ക് പോലും അറിവുള്ളതാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. എന്നാല്‍ ഭക്ഷ്യയോഗ്യമായ ഒരു മീനെന്ന നിലയില്‍ മാത്രമല്ല മത്തിയുടെ പ്രസക്തിയെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
അത്തരമൊരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവും അധികം ഗുണം ചെയ്യുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്ക് വളരെ അധികം സഹായകമായ ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്നതിന് അത്യാവശ്യം വേണ്ടുന്ന സാധനമാണ് മത്തി. മത്തി മീനിന് ഒപ്പം ശര്‍ക്കരയും കൂടി ചേര്‍ത്തുള്ള മിശ്രിതം വളരെ എളുപ്പത്തില്‍ വീട്ടില്‍പ്പോലും തയ്യാറാക്കാന്‍ കഴിയും എന്നതാണ് മറ്റൊരു കാര്യം. ചെടികളുടെ വളര്‍ച്ചയും പുഷ്പിക്കലിനും കായ്കള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാവുന്ന വളര്‍ച്ചാമിശ്രിതമാണ് മത്തി ശര്‍ക്കര മിശ്രിതം. കീടങ്ങളെ അകറ്റി നിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.
രാസവസ്തുക്കള്‍ ചേര്‍ക്കാത്തതും ഐസില്‍ ഇട്ട് സൂക്ഷിക്കാത്തതുമായ മത്തിയാണ് മിശ്രിതം തയ്യാറാക്കാന്‍ അത്യാവശ്യം. മത്തിയുടെ അതേ അളവില്‍ ശര്‍ക്കരയും ആവശ്യമാണ്. ഭരണിയോ മണ്‍കലമോ പോലെ അടപ്പുള്ള ഒരു പാത്രമാണ് മിശ്രിതം തയ്യാറാക്കാന്‍ പിന്നെ ആവശ്യമുള്ളത്. ഒരു കിലോഗ്രാം മത്തി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു കിലോഗ്രാം ശര്‍ക്കര നന്നായി പൊടിച്ചെടുക്കുക. തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒന്നിന് മുകളില്‍ ഒന്ന് എന്ന ക്രമത്തില്‍ അടുക്കുകളാക്കി മൂന്നാഴ്ച അടച്ചു സൂക്ഷിക്കണം.
പാത്രത്തിന്റെ പകുതി വരെ മാത്രം നിറച്ചാല്‍ മതിയാകും. മൂന്നാഴ്ച പിന്നിടുമ്പോള്‍ ശര്‍ക്കരയും മത്തിയും നന്നായി അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകും. നല്ല കൊഴുപ്പ് രൂപത്തിലുള്ള ഈ ദ്രാവകം അരിച്ചെടുത്ത ശേഷം വായു കടക്കാത്ത പാത്രത്തില്‍ ഇത് രണ്ട് മാസം വരെ സൂക്ഷിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലി ലിറ്റര്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് രണ്ടില പ്രായം മുതല്‍ തളിച്ചുകൊടുക്കാം. ഇത് ചെടികളുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്ക് സഹായകമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |