
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ തളി ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫിലെ മുതിർന്ന കൗൺസിലർ മനക്കൽ ശശിയ്ക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാങ്കാവ് വാർഡിലെ പ്രതിനിധിയായ ശശി ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. മറ്റു അംഗങ്ങൾക്ക് മനക്കൽ ശശി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 76 അംഗ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാരായ 35 പേരും ദൃഢപ്രതിജ്ഞയാണെടുത്തത്. 28 പേരുള്ള യു.ഡി.എഫിൽ
11 പേർ ഈശ്വരനാമത്തിലും 16 പേർ അല്ലാഹുവിന്റെ നാമത്തിലും ഒരാൾ ദൃഢപ്രതിജ്ഞയുമെടുത്തു. 13 ബി.ജെ.പി കൗൺസിലർമാരിൽ എട്ട് പേർ ഈശ്വരനാമത്തിൽ പ്രതജ്ഞ ചൊല്ലി, പരമേശ്വര നാമത്തിലും തളി മഹാദേവന്റെ നാമത്തിലും മുരുക ഭഗവാന്റെ നാമത്തിലും ശബരിമല ധർമ്മശാസ്താവിന്റെ നാമത്തിലും ഓരോരുത്തർ സത്യപ്രതിജ്ഞ ചെയ്തു. പാറോപ്പടി ബി.ജെ.പി കൗൺസിലർ ഹരീഷ് പൊറ്റങ്ങാടി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധേയനായി.
ജയിലിൽ കഴിയുന്ന ജനപ്രതിനിധികൾ
സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച, ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന രണ്ടുപേർ ഇന്നലെ നടന്ന സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡിൽ നിന്നുള്ള എൽ.ഡി.എഫ് കൗൺസിലർ വി.കെ. നിഷാദും തലശ്ശേരി നഗരസഭ ബി.ജെ.പി കൗൺസിലർ യു. പ്രശാന്തുമാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
പൊലീസിനെ ആക്രമിച്ച കേസിലാണ് വി.കെ. നിഷാദ് ജയിലിൽ കഴിയുന്നത്. സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് യു. പ്രശാന്ത്.
ഇവർ ഒരു മാസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുമെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല, ഇന്നലെ പ്രതിജ്ഞ ചെയ്യാത്തതിനാൽ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ടവകാശവും ഉണ്ടായിരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |