ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ജാഥ 31ന് രാവിലെ 10ന് കയ്യൂരിൽ സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ജാഥ നയിക്കും.
മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പി.വസന്തം നയിക്കുന്ന ബാനർ ജാഥ സെപ്തംബർ 1ന് വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ എക്സിക്യുട്ടീവ് അംഗം പി.സന്തോഷ് കുമാറും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരജാഥ സെപ്തംബർ 2ന് വൈകിട്ട് 5ന് സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരനും ഉദ്ഘാടനം ചെയ്യും. മൂന്ന് ജാഥകളും 3ന് ആലപ്പുഴയിലെത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 അനുബന്ധ ജാഥകൾ കൊടിമര, ബാനർ, പതാക ജാഥകളെ പിന്തുടരും. വൈകിട്ട് 6ന് കാനം രാജേന്ദ്രൻ നഗറിൽ (ആലപ്പുഴ ബീച്ചിൽ) പി.കെ.മേദിനി പതാക ഉയർത്തും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണം സെപ്തംബർ 9ന് ഉച്ചയ്ക്ക് 2ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ജാഥ നയിക്കും.
പ്രതിനിധി സമ്മേളനം ആരംഭിക്കുന്ന സെപ്തംബർ 10ന് രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്.കെ കൺവെൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന് കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തും. 31മുതൽ ബീച്ചിൽ സാംസ്‌കാരികോത്സവവും കലാപരിപാടികളും നടക്കും. നോവലിസ്റ്റ് ടി.ഡി.രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ മന്ത്രി പി.പ്രസാദ്, ടി.ജെ.ആഞ്ചലോസ്, എസ്.സോളമൻ, ടി.ടി.ജിസ് മോൻ, സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |