അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെക്കുറിച്ച് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ് തന്റെ ഓർമ്മക്കുറിപ്പിൽ പങ്കുവച്ച അനുഭവം വിവാദത്തിൽ. വിഎസിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
'ഒറ്റപ്പെട്ടപ്പോഴും വിഎസ് പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വിഎസ് നയം. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്ന് വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല'- എന്നാണ് ഓർമ്മക്കുറിപ്പിൽ സുരേഷ് കുറുപ്പ് പങ്കുവച്ചത്.
മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനെ തോൽപ്പിച്ചത് ചതിയിലൂടെയാണെന്നും 2012ലെ തിരുവനന്തപുരം സമ്മേളനത്തിൽ അദ്ദേഹത്തിന് കാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് പ്രസംഗിച്ച യുവ നേതാവിന് വളരെപ്പെട്ടെന്ന് പാർട്ടിയിലെ ഉന്നത പദവികളിൽ എത്താൻ കഴിഞ്ഞെന്നുമുള്ള മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ മുൻ അംഗവുമായ പിരപ്പൻകോട് മുരളിയുടെ തുറന്നുപറച്ചിലും നേരത്തെ ഏറെ വിവാദമായിരുന്നു. കാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് പറഞ്ഞത് വെറും കെട്ടുകഥയാണെന്നും അത് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നതാണെന്നും പാർട്ടി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടെയാണ് 2012ലെ സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന പിരപ്പൻകോട് തുറന്നുപറച്ചിൽ നടത്തിയത്.
അതേസമയം, ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെതിരെ പരാമർശമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ആലപ്പുഴ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെവച്ചാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ എത്തുന്നത്. അങ്ങനെയൊരു നേതാവും അവിടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അങ്ങനെ പറഞ്ഞിട്ടില്ല. വിഎസ് വിട്ടുപിരിയുന്നതുവരെ പാർട്ടിയിലെ മുതിർന്ന നേതാവെന്ന നിലയിൽ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലെ ആബാലവൃന്ദം പേരും നൽകിയിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ല. അദ്ദേഹം നമ്മളെ വേർപെട്ടുപോയി. അതിനുശേഷം അദ്ദേഹത്തിന്റെ പേരുവച്ച് ചർച്ച നടത്തുന്നത് പാർട്ടിയെ ദുർബലപ്പെടുത്താനാണ്. ഇത്തരം ചർച്ചകൾ നടത്തുന്നവർ പാർട്ടിയുടെ വളർച്ചയിലും സ്വാധീനത്തിലും ഉൾപ്പെട്ടവരാണെന്നും വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |