തിരുവനന്തപുരം:വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘ(24) ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒളവിൽ പോയ സുഹൃത്ത് ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ തേടി പേട്ട എസ്.ഐയുടെ നേതൃത്വത്തിൽ മലപ്പുറത്തും,കൊച്ചിയിലുമുൾപ്പടെ അന്വേഷണം തുടരുന്നു . സുകാന്തിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് പരിശോധന നടത്തും. മരിച്ച മേഘയുടെയും സുകാന്തിന്റെയും ബാങ്ക് വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.സുകാന്തിന്റെ ഫോൺ ട്രാക്കിംഗിൽ .ആദ്യ ഘട്ടത്തിൽ മലപ്പുറം കേന്ദ്രീകരിച്ച ഫോൺ പിന്നെ ഓണായിട്ടില്ല.ഇയാളുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളും പൊലീസ് നിരീക്ഷണത്തിലുണ്ട്.ഓൺലൈൻ ട്രെയ്ഡിംഗ് സുകാന്ത് നടത്തിയിട്ടുണ്ടോയെന്നും സൈബർ വിഭാഗം വഴി പരിശോധന നടത്തും.അതേ സമയം , പൊലീസിന്റെ വീഴ്ചയാണ് സുകാന്ത് രക്ഷപ്പെടാൻ കാരണമെന്ന ആരോപണവുമായി മേഘയുടെ ബന്ധുക്കൾ രംഗത്തെത്തി... മേഘയുടെ ശമ്പളമടക്കുമള്ള തുക മുഴുവൻ സുകാന്ത് കൈക്കലാക്കിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയെന്ന നിലയിൽ മാത്രം പൊലീസ് ഈ വിഷയം കൈകാര്യം ചെയ്യുകയും അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.
ശമ്പളപരിഷ്ക്കരണ കുടിശിക,രണ്ടു ഗഡു അനുവദിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളപരിഷ്ക്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ അനുവദിച്ച് ഉത്തരവായി.2019 ജൂലായ് മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള കുടിശികയിൽ പകുതിയാണ് അനുവദിച്ചത്.ഇത് നാലുഗഡുക്കളായി 2024നകം നൽകുമെന്നത് സാമ്പത്തിക പ്രതിസന്ധി മൂലം നടപ്പായില്ല.ഇതിൽ രണ്ടുഗഡുക്കളാണ് ഇപ്പോൾ നൽകിയത്.ഇത് പി.എഫിലേക്കാണ് മാറ്റുക. അടുത്ത വർഷം ഏപ്രിൽ മുതൽ പിൻവലിക്കാം.അതിനുളളിൽ വിരമിക്കുന്നവർക്കും 2021 മെയ് 31ന് ശേഷം വിരമിച്ചവർക്കും മരണമടഞ്ഞവരുടെ ആശ്രിതർക്കും തുക പണമായി ഇപ്പോൾ തന്നെ വാങ്ങാം.17000രൂപ മുതൽ ഒന്നരലക്ഷം രൂപവരെയാണ് ഓരോ ജീവനക്കാരനും കിട്ടുക.സർക്കാരിന് മൊത്തം 2000കോടി രൂപയാണ് ചെലവ് വരിക.
ഓപ്പറേഷൻ ഡി-ഹണ്ട്: 117പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 117പേർ കൂടി അറസ്റ്റിലായി. 107 കേസുകൾ. 3057 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.559 കി.ഗ്രാം), കഞ്ചാവ് (3.435 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി വിവരങ്ങൾ 9497927797 നമ്പറിൽ അറിയിക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.
മാസപ്പടി കേസ്:
ഡൽഹി ഹൈക്കോടതി
വിധി വൈകും
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിലെ ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി പ്രഖ്യാപനം വൈകും. വാദംകേട്ട് വിധി പറയാൻ മാറ്റിയ ജസ്റ്റിസ് ചന്ദ്രധാരി സിംഗിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച പുതിയ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
ഏതു ജഡ്ജി വിഷയം പരിഗണിക്കണമെന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. പുതിയ ബെഞ്ച് വീണ്ടും വാദംകേൾക്കാനാണ് സാദ്ധ്യത. 2024 ഡിസംബർ 23നാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ സിംഗിൾ ബെഞ്ച് ഹർജിയിൽ വിധി പറയാൻ മാറ്റിയത്. മാസപ്പടി ആരോപണത്തിലെഎസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് കമ്മിഷൻ തീർപ്പാക്കിയ വിഷയത്തിൽ മറ്റു അന്വേഷണങ്ങൾ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |