തിരുവനന്തപുരം: അടിക്കടിയുള്ള സുരക്ഷാ പിഴവുകൾക്ക് പരിഹാരമായി സെൻട്രൽ ജയിലുകളിൽ ലേസർ 'സുരക്ഷാവല'യും തടവുകാരുടെ ദേഹപരിശോധനയ്‌ക്ക് സ്‌കാനറും സജ്ജമാക്കുമെന്ന് 6 വർഷം മുൻപ് സർക്കാർ നടത്തിയ പ്രഖ്യാപനം വാക്കിലൊതുങ്ങി. തടവുകാരുടെ ബാഗ് പരിശോധിക്കാൻ ചെറിയ സ്കാനർ വച്ചെങ്കിലും ഫലപ്രദമല്ല. കമാൻഡോകളെ നിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇന്ത്യാ റിസർവ് ബറ്റാലിയനാണ് സുരക്ഷാ ചുമതല.
വിദേശത്തെ ജയിലുകളിലെ ലേസർ കിരണങ്ങൾ ഉപയോഗിച്ചുള്ള അത്യാധുനിക നിരീക്ഷണ സംവിധാനം സെൻട്രൽ ജയിലുകളിൽ ഒരുക്കുമെന്നാണ് 2019ൽ സർക്കാർ
പ്രഖ്യാപിച്ചത്. ജയിലിൽ കിടന്നു കൊണ്ട് കുപ്രസിദ്ധ തടവുകാർ സ്വർണക്കടത്തും കൊള്ളയും കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് തടയാനായിരുന്നു ശ്രമം.
ദേഹ പരിശോധനയ്ക്ക് സ്‌കാനറോ എക്സ്‌റേ സംവിധാനമോ ഇല്ലാത്ത പഴുതിൽ തടവുകാർ സ്‌മാർട്ട് ഫോണുകളും ബാറ്ററികളും ഹെഡ്ഫോണുകളും ലഹരി വസ്തുക്കളും ആയുധങ്ങളുമെല്ലാം ജയിലിലേക്ക് കടത്തുന്നു. റിമാൻഡ്, വിചാരണ തടവുകാരെ കോടതിയിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുമ്പോഴാണിത്. ദേഹപരിശോധനയ്‌ക്ക് 2.50കോടിയുടെ ഹോൾ ബോഡി സ്‌കാനർ വാങ്ങാനായിരുന്നു സർക്കാരിന്റെ പദ്ധതിയെങ്കിലും നടന്നില്ല. സെൻട്രൽ ജയിലുകളിലെ ഭൂരിഭാഗം ബ്ലോക്കുകളിലും ക്യാമറാ നിരീക്ഷണമില്ല. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ജീവനക്കാരുമില്ല. ലേസർ വല എല്ലാ തടവറകളിലേക്കും ഇടനാഴികളിലേക്കും ചുറ്റുമതിലിലേക്കും ലേസർ കിരണങ്ങൾ പതിപ്പിക്കും. കിരണങ്ങൾ ആരെങ്കിലും മറി കടന്നാൽ അപായ മുന്നറിയിപ്പോടെ അലാറം മുഴങ്ങും. ഇതിന്റെ സാങ്കേതികവിദ്യയും ചെലവും പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും തുടർ നടപടിയില്ല.
ജാമറുകൾ
ഉപ്പിട്ട് കേടാക്കും
ഫോൺ ഉപയോഗം തടയാൻ സെൻട്രൽ ജയിലുകളിൽ സ്ഥാപിച്ച ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കും.. എൻജിനിയറിംഗ് ബിരുദധാരിയായ കണ്ണൂരിലെ തടവുകാരനാണ് ഈ കുതന്ത്രം കണ്ടെത്തിയത്. അഴിയിൽ ഉപ്പിട്ട് ദ്രവിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ശേഖരിച്ചും അടുക്കളയിൽ നിന്ന് മോഷ്ടിച്ചും സെല്ലുകളിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |