കണ്ണൂർ: കൊടും കുറ്റവാളി റിപ്പർ ജയാനന്ദൻ സ്വീകരിച്ച അതേമാർഗമാണ് ഗോവിന്ദച്ചാമിയും ഉപയോഗിച്ചത്. തുണികൊണ്ട് വടം കെട്ടിയുണ്ടാക്കിയാണ് ഇരുവരും ജയിലിന്റെ കൂറ്റൻ മതിൽ ചാടിക്കടന്നത്. ഏഴുപേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും നിരവധി പേരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത ജയാനന്ദൻ 2010 ജൂൺ 14നാണ് കണ്ണൂർ ജയിൽ ചാടിയത്.
സെല്ലിലെ കമ്പി നേരത്തെതന്നെ മുറിക്കാൻ തുടങ്ങിയിരുന്നു. കിടന്നുറങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആൾരൂപമുണ്ടാക്കിവച്ചാണ് ജയിൽ അധികൃതരെ കബളിപ്പിച്ച് ഇയാൾ കടന്നത്. പൊലീസിനെ വട്ടംകറക്കിയ ഈ ഒളിച്ചോട്ടം ദിവസങ്ങളോളം മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അധികം വൈകാതെ ഊട്ടിയിൽ നിന്ന് പൊലീസ് പിടികൂടി. ഇയാൾക്കൊപ്പം ജയിൽ ചാടിയ കുപ്രസിദ്ധ കവർച്ചാ കേസ് പ്രതി പെരിയാട്ടടുക്കം റിയാസും രണ്ടു ദിവസത്തിനകം പിടിയിലായി. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലിന്റെ അടിഭാഗത്തെ കമ്പി മുറിച്ചുമാറ്റിയാണ് ജയാനന്ദനും റിയാസും ജയിൽചാടിയത്. ഇടിമിന്നലുണ്ടായിരുന്നതിനാൽ അന്ന് നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തിരുന്നു.
അനാസ്ഥ മുതലാക്കി ഹർഷാദ്
കഴിഞ്ഞവർഷം ജനുവരി 14നാണ് മയക്കുമരുന്ന് കുറ്റവാളിയായ ഹർഷാദ് ജയിൽ ജീവനക്കാരുടെ അനാസ്ഥ മുതലാക്കി ജയിൽ ചാടിയത്. 10 വർഷത്തെ കഠിന തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയായിരുന്നു ഈചാട്ടം. രാവിലെ 6.45 ഓടെ പത്രമെടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ജയിൽ ഗേറ്റിനു സമീപം കാത്തുനിന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. ജയിലിലെ വെൽഫെയർ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന ഇയാൾ, വിശ്വാസ്യത പിടിച്ചുപറ്റിയാണ് ജയിൽചാട്ടം തരമാക്കിയത്. ജയിലിലേക്കുള്ള പത്രക്കെട്ടുകൾ എടുത്തിരുന്ന ഹർഷാദിനെ കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് ജയിൽ അധികൃതർ ടൗൺ പൊലീസിൽ വിവരമറിയിച്ചത്. നാൽപത് ദിവസത്തിനുശേഷം തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |