
കൊല്ലം: ആഫ്രിക്കയിൽ നിന്നുള്ള തോട്ടണ്ടി ഇറക്കുമതി, കശുഅണ്ടി പരിപ്പ് വില്പന എന്നിവയുമായി ബന്ധപ്പെട്ട് കാഷ്യു കോർപ്പറേഷനെതിരെ ഉയർന്നത് ആയിരം കോടിയുടെ അഴിമതി ആരോപണം. 2006- 2015 കാലഘട്ടത്തിൽ, ഉയർന്ന നിലവാരമുള്ള തോട്ടണ്ടിക്ക് കരാർ ഉറപ്പിച്ചശേഷം കുറഞ്ഞ ഗുണനിലവാരമുള്ളത് ഇറക്കുമതി ചെയ്തും ടെണ്ടർ ക്ഷണിക്കാതെ പരിപ്പ് വിറ്റും കമ്മിഷൻ പറ്റിയെന്നാണ് പരാതി. രഹസ്യധാരണയുടെ പുറത്ത് കോട്ടയം സ്വദേശിക്കാണ് ഇറക്കുമതിക്കുള്ള കരാർ ലഭിച്ചിരുന്നത്.
ഉയർന്ന വിലയ്ക്ക് വാങ്ങിയ ഗുണനിലവാരമില്ലാത്ത തോട്ടണ്ടി സംസ്കരിച്ചപ്പോൾ ലഭിച്ച പരിപ്പിനും നിലവാരം കുറവായിരുന്നു. അങ്ങനെ പരിപ്പ് വില്പനയിലും വൻ നഷ്ടമുണ്ടായി.
വിജിലൻസ്, ധനകാര്യ പരിശോധന വിഭാഗം, വ്യവസായ വകുപ്പ് തുടങ്ങിയവ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു. നടപടി ഉണ്ടാകാത്തതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്
ഐ.എൻ.ടി.യു.സി മുൻ ജില്ലാസെക്രട്ടറി കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു.
15 ഇടപാടുകളിൽ 85 കോടിയുടെ ക്രമക്കേട് പ്രാഥമികമായി സി.ബി.ഐ സ്ഥിരീകരിച്ചു. തുടർന്നാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിനോട് അനുമതി തേടിയത്.
2006- 2011വരെ സി.ഐ.ടി.യു നേതാവായിരുന്ന ഇ.കാസിം ആയിരുന്നു കോർപ്പറേഷൻ ചെയർമാൻ. യു.ഡി.എഫ് സർക്കാർ വന്നപ്പോൾ ആർ.ചന്ദ്രശേഖരൻ ചെയർമാനായി.
രണ്ട് ചെയർമാൻമാരുടെ കാലത്തും കെ.എ.രതീഷായിരുന്നു എം.ഡി. ഒന്നാം പ്രതിയായിരുന്ന കാസിം അന്തരിച്ചതോടെ രതീഷിനെ ഒന്നാം പ്രതിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |