
□കരുത്ത് കാട്ടാൻ ബി.ജെ.പി
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും അങ്കത്തിനിറക്കി കളം പിടിക്കുകയാണ് എൽ.ഡി.എഫ് . എന്നാൽ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമുദായിക പശ്ചാത്തലങ്ങളും മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളും കൂടി കണക്കിലെടുത്ത് ഒരു മണ്ഡലത്തിൽ നിന്നു തന്നെ യോഗ്യരായ ഒന്നിലധികം പേരുകൾ നിരത്തിയാണ് കോൺഗ്രസ് തയ്യാറെടക്കുന്നത്. ഒന്നിലേറെ സീറ്റ്
ലക്ഷ്യമാക്കി ബി.ജെ.പിയും.
ആകെയുള്ള 14 അസംബ്ളി മണ്ഡലങ്ങളിൽ 13 ഉം സ്വന്തമാക്കി അട്ടിമറി വിജയമാണ് 2021 ൽ എൽ.ഡി.എഫ് ജില്ലയിൽ നേടിയത്.യു.ഡി.എഫിന് കിട്ടിയത് കോവളം മാത്രം. ഒരിക്കൽ നേമത്ത് വിജയം കണ്ട ബി.ജെ.പിക്ക് പിന്നീട് അതാവർത്തിക്കാനുമായില്ല. .
കഴിഞ്ഞ തവണ സി.പി.ഐയ്ക്ക് രണ്ടും ജനാധിപത്യ കേരള കോൺഗ്രസിനും ജനതാദളിനും ഓരോ സീറ്രുമാണ് നൽകിയത്. ഇതിൽ ജനതാദളിന് മാത്രമാണ് ജയിക്കാൻ കഴിയാതെ പോയത്. തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജുവിന് മത്സരിക്കാനുള്ള സാഹചര്യമില്ലെങ്കിൽ സി.പി.എം ആ സീറ്റും ഏറ്റെടുക്കും. നേതൃത്വം ഇടപെട്ട് മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ,സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ചിത്രം ഏറെക്കുറെ വ്യക്തമാണ്. സി.പി.ഐയിൽ സ്ഥാനാർത്ഥി തീരുമാനമായില്ലെങ്കിലും നെടുമങ്ങാട്ട് മന്ത്രി ജി.ആർ.അനിൽ വീണ്ടും മത്സരിക്കും. ചിറയിൻകീഴിൽ വി.ശശിക്കാണ് സാദ്ധ്യത.2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ശശി മത്സരരംഗത്തില്ലെങ്കിൽ യുവ നേതാവായ മനോജ് ഇടമനയെ പരിഗണിക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അത്രത്തോളം വ്യക്തത വന്നിട്ടില്ല. വട്ടിയൂർക്കാവിൽ കെ.മുരളീധരനും കോവളത്ത് എം.വിൻസെന്റുമാണ് സീറ്റ് ഉറപ്പാക്കിയിട്ടുള്ളവർ. മറ്റ് പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി പിടിച്ചെടുത്ത നേമം കഴിഞ്ഞ തവണ കൈവിട്ടെങ്കിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഇറക്കി തിരിച്ചു പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. നേമത്തിന് പുറമെ വി.മുരളീധരൻ മത്സരിക്കുന്ന കഴക്കൂട്ടം കൂടിയേ എൻ.ഡി.എ യുടെ സ്ഥാനാർത്ഥി ചിത്രത്തിൽ വ്യക്തതയായിട്ടുള്ളു. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരത്ത് സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ, വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പിയും നഗരസഭാ കൗൺസിലറുമായ ആർ.ശ്രീലേഖ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ
തലസ്ഥാനപ്പോരിന് കോൺഗ്രസിന്റെ
വിപുലമായ സാദ്ധ്യതാ പട്ടിക
തിരുവനന്തപുരം: തലസ്ഥാനം പിടിക്കാൻ നാനാതലത്തിലുള്ള സാദ്ധ്യതകളും പരിഗണിച്ചുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഡി.സി.സി നേതൃത്വം ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ പേരുകൾ ഒന്നിലധികം മണ്ഡലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. കോവളം മാത്രമാണ് ഒറ്റപ്പേരിൽ ഒതുങ്ങിയത്. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ സംസ്ഥാനനേതൃത്വവുമായി ചർച്ച ചെയ്ത് തിരഞ്ഞെടുപ്പ് സമിതിയാകും അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുക.
പാറശാല- നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ, മരിയാപുരം ശ്രീകുമാർ
നെയ്യാറ്റിൻകര- എൻ.ശക്തൻ, ഫ്രീഡാസൈമൺ, വിനോദ് സെൻ, എം.ആർ.സൈമൺ
കാട്ടാക്കട- മലയിൻകീഴ് വേണുഗോപാൽ, എം.ആർ.ബൈജു, എം.മണികണ്ഠൻ
അരുവിക്കര- എം.എം.ഹസ്സൻ, എം.ആർ.ബൈജു, വി.ആർ.പ്രതാപൻ
നെടുമങ്ങാട്- ബി.ആർ.എം.ഷെഫീർ, ആനാട് ജയൻ, സുധീർഷാ പാലോട്
വാമനപുരം- പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, രമണി പി.നായർ, ആനാട് ജയൻ
കഴക്കൂട്ടം- എം.എ.വാഹീദ്, അഖിൽ.ജെ.എസ്, ഡോ. എസ്.എസ്.ലാൽ
വർക്കല- വർക്കല കഹാർ, ഡോ. എസ്.എസ്.ലാൽ, ഷാലി
ചിറയിൻകീഴ് -കെ.എസ്.ഗോപൻ, അജിത്ത്, അനൂപ് (മുൻ എം.പി രമ്യാഹരിദാസിന്റെ പേരുമുള്ളതായി സൂചന)
തിരുവനന്തപുരം- വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, ടി.ശരത്ചന്ദ്രപ്രസാദ്
നേമം- കെ.എസ്.ശബരീനാഥൻ, കൈമനംപ്രഭാകരൻ, ജി.വി.ഹരി, വൈഷ്ണാസുരേഷ്.
(ശശിതരൂരിന്റെ പേരുൾപ്പെട്ടതായി പറയുന്നുണ്ടെങ്കിലും സാദ്ധ്യത കുറവാണ്)
വട്ടിയൂർക്കാവ്- കെ.മുരളീധരൻ, വീണാ എസ്.നായർ, കെ.എസ്.ശബരീനാഥൻ
കോവളം- എം.വിൻസെന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |