
പാലാ: പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണയിൽ പാലാ നഗരസഭ ഭരണം നാല് പതിറ്റാണ്ടിനു ശേഷം യു.ഡി.എഫിന്. കുടുംബത്തിലെ ഇളമുറക്കാരി ദിയ (21) രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സണായി ചരിത്രം കുറിച്ചു. മറ്റൊരു സ്വതന്ത്ര അംഗം മായയാണ് വൈസ് ചെയർപേഴ്‌സൺ.
പാലയുടെ ചരിത്രത്തിലാദ്യമായാണ് ഹൈന്ദവ സമുദായാംഗം ചെയർപേഴ്‌സണാകുന്നത്. അരനൂറ്റാണ്ട് കെ.എം.മാണിയിലൂടെ അടയാളപ്പെട്ട പാലാനഗരം ഇത്തവണ കൈവിട്ടത് കേരള കോൺഗ്രസ് എമ്മിന് കടുത്ത തിരിച്ചടിയായി.
പ്രതിപക്ഷത്തുനിന്ന് കേരള കോൺഗ്രസ് എമ്മിലെ ബെറ്റി ഷാജുവായിരുന്നു ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ബെറ്റിക്ക് 12 വോട്ടും, ദിയയ്ക്ക് 14 വോട്ടും ലഭിച്ചു. 10 സീറ്റ് മാത്രമുള്ള യു.ഡി.എഫിന് ദിയ, അച്ഛൻ ബിനു, വല്യച്ഛൻ ബിജു എന്നിവരുടെയും കോൺഗ്രസ് വിമത മായയുടെയും പിന്തുണ കിട്ടിയതോടെയാണ് 14 സീറ്റായത്.
മദ്രാസ് ക്രിസ്ത്യൻകോളേജിൽ നിന്ന് ബി.എ ഇക്കണോമിക്‌സിന് ശേഷം എം.ബി.എയ്ക്ക് ഒരുങ്ങുവേയാണ് ദിയ കന്നി മത്സരത്തിനിറങ്ങിയത്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പുളിക്കക്കണ്ടത്തിൽ പി.വി. സുകുമാരൻനായരുടെ കൊച്ചുമകളാണ്. അച്ഛൻ ബിനു കാൽ നൂറ്റാണ്ടായി പാലാ നഗരസഭാ കൗൺസിലർ. കഴിഞ്ഞതവണ സി.പി.എം സീറ്റിൽ ജയിച്ചെങ്കിലും ജോസ് കെ.മാണിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. ക്ഷേമയാണ് അമ്മ. പ്ലസ് വൺ വിദ്യാർത്ഥിനി ശ്രേയ സഹോദരി.
ദൈവത്തോട് നന്ദി പറയുന്നു. നാടിന്റെ നന്മയ്ക്കായി കഴിയുന്നത്ര പ്രവർത്തിക്കും. കാലം കാത്തുവച്ച കാവ്യനീതിയാണ് എന്റെ സ്ഥാനലബ്ധി
- ദിയ പുളിക്കക്കണ്ടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |