
കൊച്ചി: എറണാകുളം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ തടഞ്ഞുനിറുത്തി പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി കോഴിമല അയ്യപ്പൻകോവിൽ വയലുങ്കൽ വീട്ടിൽ ഗുരുപ്രസാദിനെയാണ് (24) എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പുല്ലേപ്പടി സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം മാർച്ച് 3ന് ഉച്ചയ്ക്ക് 12നായിരുന്നു കവർച്ച. കൊല്ലം അഞ്ചുകല്ലുംമൂട് വിഷ്ണത്തുകാവിന് സമീപം നിവിൻലാലുവിനെ (19) തടഞ്ഞുനിറുത്തി 500 രൂപ ഗൂഗിൾ പേ ചെയ്യാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് കൈവശമുണ്ടായിരുന്ന സ്മാർട്ട് ഫോൺ തട്ടിയെടുത്ത് കടന്നത്. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളം നോർത്ത് ഭാഗത്തെ ഒരു റെസിഡൻസിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ലഹരി ഉപയോഗത്തിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കേസുകളിൽ പ്രതിയാണ് ഇയാൾ. എറണാകുളത്ത് ഇയാൾ തങ്ങിയത് എന്തിനാണെന്നും അന്വഷിക്കുന്നുണ്ട്. എസ്.ഐമാരായ സി. അനൂപ്, രാമ് ലാൽ, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |