
തിരുവനന്തപുരം: തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ആവർത്തിച്ച് ഡി മണി. സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എം എസ് മണിയാണെന്നും ഡി മണി താൻ അല്ലെന്നും അദ്ദേഹം ആവർത്തിച്ചു. ശബരിമലയിലെ സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിണ്ഡിഗൽ സ്വദേശി ഡി മണിയെ (ഡയമണ്ട് മണി) എസ്ഐടി ചോദ്യം ചെയ്തത്. താൻ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ ചോദ്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഒരു തവണ മാത്രമാണ് കേരളത്തിൽ വന്നിട്ടുള്ളത്. അതും അച്ഛന്റെ മരണത്തിന്റെ കർമ്മം ചെയ്യാൻ. ഇടയ്ക്ക് ശബരിമലയിൽ വന്നിട്ടുണ്ട്. പക്ഷേ ഈ ഉണ്ണികൃഷ്ണൻ പോറ്റി എന്നയാളെ അറിയില്ല. കേരളത്തിലെ വാർത്തകളിൽ എന്നെ കൊടും കുറ്റവാളിയായി കാണിക്കുന്നു. എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല.
അവർ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് തിരികെ വന്നപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ സാധാരണ മനുഷ്യനാണ്. ബാലമുരുകൻ എന്റെ സുഹൃത്താണ്. എന്നെക്കുറിച്ച് അന്വേഷിക്കൂ. ഒരു പെറ്റിക്കേസ് പോലും എന്റെ പേരിലില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കും'- മണി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |