നെടുമ്പാശേരി: യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി ഉയർത്തിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഒന്നര മണിക്കൂറിലേറെ വൈകി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷുഹൈബിനെ (29) സിയാൽ സി.ഐ.എസ്.എഫ് വിഭാഗം പിടി കൂടി നെടുമ്പാശേരി പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ 11.50ന് പുറപ്പെടേണ്ട എ.ഐ 149 വിമാനം പരിശോധനകൾക്കു ശേഷം ഉച്ച കഴിഞ്ഞ് 1.25 നാണ് പറപ്പെട്ടത്. ഷുഹൈബും ഭാര്യയും കുട്ടിയും ഇതേ വിമാനത്തിലെ യാത്രക്കാരായിരുന്നു. രണ്ട് ദിവസമായി കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഷുഹൈബ് തിങ്കളാഴ്ച എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ട് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധിക നിരക്ക് വേണമെന്ന് വിമാനക്കമ്പനി അറിയിച്ചപ്പോൾ തർക്കമായി. ഇതിന്റെ വൈരാഗ്യത്തിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം മുംബയിലെ എയർ ഇന്ത്യ കോൾ സെന്ററിൽ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10.30നാണ് വ്യാജ സന്ദേശം നൽകിയത്. ഈ സമയം 215 യാത്രക്കാരിൽ ഭൂരിഭാഗവും വിമാനത്തിൽ കയറിയിരുന്നു. ഷുഹൈബും കുടുംബവും വിമാനത്താവളത്തിലെ പ്രവേശന കവാടത്തിൽ എത്തിയിരുന്നതേയുള്ളൂ. സന്ദേശത്തെ തുടർന്ന് ഉടൻ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. യാത്രക്കാരുടെ ബാഗേജുകൾ എല്ലാം വീണ്ടും സ്‌ക്രീനിംഗ് നടത്തി. വിമാനത്തിൽ സ്‌ഫോടക വസ്തുക്കളില്ലെന്ന് ഉറപ്പാക്കി. വിമാനത്തിൽ കയറാൻ വൈകിയെത്തിയതും, ടിക്കറ്റ് മാറ്റി ലഭിക്കാത്തതിന്റെ വിരോധം ഷുഹൈബിനുണ്ടെന്നതും മനസിലാക്കിയാണ് ഇയാളെ സി.ഐ.എസ്.എഫ് പിടി കൂടിയത്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |