ആലപ്പുഴ : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ശാസ്ത്രാവബോധം വളർത്താൻ ശാസ്ത്രമേളകൾ പോലുള്ളവയിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 56-ാമത് സംസ്ഥാന ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും ആലപ്പുഴ സെന്റ് ജോസഫ് കോൺവെന്റ് ജി.എച്ച്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പരീക്ഷയിൽ മാർക്ക് നേടാനുള്ള മാർഗം മാത്രമാകരുത് ശാസ്ത്രവിദ്യാഭ്യാസം. ആധുനികകാലത്ത് നരബലിയുൾപ്പെടെ നടന്നത് അവഗണിക്കാനാകില്ല. ശാസ്ത്രാവബോധത്തിനും യുക്തിചിന്തയ്ക്കും തെല്ലും സ്ഥാനമില്ലാത്ത ഇരുണ്ടയുഗം നമുക്കുണ്ടായിരുന്നു. പുരോഗമന - നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനവും വിദ്യാലയങ്ങൾ ഉൾപ്പെടെ സ്ഥാപിച്ച് നടത്തിയ സാമൂഹ്യ- വൈജ്ഞാനിക മുന്നേറ്റവുമാണ് നമ്മെ മുന്നോട്ടുനയിച്ചത്.
ശാസ്ത്രഗവേഷണങ്ങൾ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യംവച്ചുള്ളവയാകണം.
ബഡ്ജറ്റിൽ 3600 കോടി രൂപയാണ് ഗവേഷണത്തിനും ശാസ്ത്ര പുരോഗതിക്കുമായി കേരളം വകയിരുത്തിയിട്ടുള്ളതെന്നു പറഞ്ഞ മുഖ്യമന്ത്രി, സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകത്തിലെ നാലുവരി കവിതചൊല്ലി സയൻസിന്റെ തുടർപ്രചാരണത്തിന് ശാസ്ത്രമേള ഊർജമാകട്ടെയെന്ന് ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.
വസൂരിയുടെ പേരിലും അന്ധവിശ്വാസം
തന്റെ പഠനകാലത്ത് സ്കൂളിലെ മലയാളം അദ്ധ്യാപകൻ വസൂരിവിത്തെന്ന പേരിൽ നടത്തിയ അന്ധവിശ്വാസപ്രചരണത്തെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി വാട്സാപ്പ് വഴിയും മറ്റും തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. വസൂരി വ്യാപകമായ അക്കാലത്ത് പ്രൈമറി ക്ളാസിലെ അദ്ധ്യാപകൻ കൈയിലെ മുഷ്ടി നന്നായി ചുരുട്ടിപിടിച്ച് നിവർത്തിയശേഷം വിരലുകൾ അമർന്ന ഭാഗത്തെ രക്തപ്പാടുകൾ ചൂണ്ടിക്കാട്ടി അത് വസൂരി വിത്താണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്ച സംഭവത്തെപ്പറ്റിയാണ് മുഖ്യമന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |