കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയും രാഷ്ട്രീയ നേതൃത്വവും നടത്തിയ കോടികളുടെ തട്ടിപ്പിൽ സി.പി.എമ്മിന് കുരുക്കായത് ഡയറക്‌ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും വായ്‌പ നേടിയവരും ഇടനിലക്കാരും പ്രാദേശിക നേതാക്കളും നൽകിയ മൊഴികളും ബാങ്കിടപാട് രേഖകളും.
അന്വേഷണത്തിന്റെ തുടക്കം മുതൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന നടപടികൾ ഇ.ഡി സ്വീകരിച്ചിരുന്നു. പി.ആർ. അരവിന്ദാക്ഷനാണ് അറസ്റ്റിലായ സി.പി.എം നേതാവ്. പാർട്ടിയെയും എട്ടു നേതാക്കളെയും പുതുതായി പ്രതി ചേർക്കാൻ തെളിവായി വായ്‌പാത്തട്ടിപ്പ് നടത്തിയ പ്രതികളുടെ ഉൾപ്പെടെ മൊഴികൾ കുറ്റപത്രത്തിൽ ഇ.ഡി വിവരിക്കുന്നുണ്ട്.
കെ. രാധാകൃഷ്‌ണൻ എം.പി., മുൻ തൃശൂർ ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്‌തീൻ, എം.എം. വർഗീസ് എന്നിവർക്കെതിരെ ഇരിങ്ങാലക്കുടയിലെയും കരുവന്നൂരിലെയും പ്രാദേശിക നേതാക്കൾ നൽകിയ രഹസ്യമൊഴികൾ കുറ്റപത്രത്തിലുണ്ട്. വായ്‌പകൾ അനുവദിക്കാൻ ജില്ലാ, സംസ്ഥാന നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്ന് അവയിൽ പറയുന്നു.
കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന്റെ 17 പ്രാദേശികഘടകങ്ങൾക്ക് അക്കൗണ്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇ.ഡി പറയുന്നു. വായ്‌പ ലഭിച്ചവരിൽ നിന്ന് വിഹിതം ഇത്തരം അക്കൗണ്ടുകളിൽ വാങ്ങി. ഇവ ഉപയോഗിച്ച് പാർട്ടി ഓഫീസ് കെട്ടിടത്തിന് സ്ഥലം വാങ്ങുകയും ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പ്രാദേശിക നേതാക്കൾ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്.നിയമവിരുദ്ധമായ വായ്‌പകൾ അനുവദിക്കാൻ നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണി മുഴക്കിയെന്നും ബാങ്ക് മുൻ മാനേജർ എം.കെ. ബിജുവിന്റെ മൊഴിയുണ്ട്. ഇടനിലക്കാരായി പ്രവർത്തിച്ച രാജേഷ്, ജിജോർ, പ്രാദേശിക നേതാവ് സി.കെ. ചന്ദ്രൻ, ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ തുടങ്ങിയവരുടെ മൊഴികളാണ് പ്രധാന നേതാക്കളുടെ പങ്കിന് തെളിവായി ഇ.ഡി സമർപ്പിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റിയുടെ കീഴിൽ രണ്ട് പ്രത്യേക കമ്മിറ്റികൾ പ്രവർത്തിച്ചെന്ന ടി.ആർ. സുനിൽകുമാറിന്റെ മൊഴി മുൻ ജില്ലാ സെക്രട്ടറിമാരുടെ പങ്കിന് തെളിവായി ഇ.ഡി സമർപ്പിച്ചിട്ടുണ്ട്.
,കരുവന്നൂർ ബാങ്കിലെ നൂറുകണക്കിന് അക്കൗണ്ടുകൾ, പാർട്ടിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ദേശസാത്‌കൃത ബാങ്കുകളിലെ അക്കൗണ്ടുകൾ തുടങ്ങിയവ ഉൾപ്പെടെ ഇ.ഡി തെളിവായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |