കണ്ണൂർ: ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ. ഇങ്ങനെയൊരു കൊടും കുറ്റവാളിയെ പൊലീസിന് വിട്ടുകൊടുക്കാതെ കൊല്ലാമായിരുന്നില്ലേ എന്നാണവർ പറയുന്നത്. അയാൾക്ക് ഏറ്റവും കടുത്ത ശിക്ഷയായ തൂക്കുകയർ തന്നെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
'എനിക്ക് പറയാൻ വാക്കുകളില്ല. എന്ത് പറയണമെന്നും എനിക്കറിയില്ല. അവനെ കൊല്ലാമായിരുന്നില്ലേ നാട്ടുകാരേ. പൊലീസുകാർക്ക് അവനെ വിട്ടുകൊടുത്തത് എന്തിനാ. ഇങ്ങനെയുള്ളവരെ പൊലീസിനും നിയമത്തിനും വിട്ടുകൊടുക്കരുത്. കൊടും ക്രിമിനലാണ് അവൻ. ഇത്രയും ചെയ്‌തിട്ട് അവൻ ജയിൽ ചാടി. ഇനിയെങ്കിലും അവന് തൂക്കുകയർ കൊടുക്കണം. നിയമത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു കാര്യം ഉണ്ടാവണം. തൂക്കുകയർ തന്നെ കൊടുക്കണം ' - യുവതിയുടെ അമ്മ പറഞ്ഞു.
തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പൊലീസിനെയും നാട്ടുകാരെയും കണ്ടയുടൻ ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് പൊലീസ് ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പൊക്കിയെടുത്തു. കറുത്ത പാന്റായിരുന്നു വേഷം. ഷർട്ട് ധരിച്ചിരുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. വളരെ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |