പുറം ജോലികൾക്ക് യു.എസ് 25 ശതമാനം നികുതി ഏർപ്പെടുത്തുന്നത് രാജ്യത്തെ ഐ.ടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊഴിലവസരങ്ങൾ അമേരിക്ക വിട്ടു പുറം രാജ്യങ്ങളിലേയ്ക്ക് പോകുന്നത് തടയാൻ, യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ച ഹയർ ബില്ലിലാണ് നിർദ്ദേശം. പുറത്ത് നിന്നുള്ള സേവനങ്ങൾക്ക് യു.എസ് കമ്പനികൾ നൽകുന്ന പ്രതിഫലത്തിൻ മേലാണ് 25 ശതമാനം നികുതി. ഈ നികുതി യു.എസിലെ തൊഴിൽരഹിതരെ പരിശീലിപ്പിക്കാനുള്ള ഫണ്ടിലേയ്ക്ക് വകയിരുത്തും. അപ്രന്റീസ്ഷിപ്പുകളെയും തൊഴിൽ വികസന പരിപാടികളെയും പ്രോത്സാഹിപ്പിക്കാൻ തുക വിനിയോഗിക്കും. ഐ.ടി സേവനമേഖല ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. അതിനാൽ ബിൽ നിയമം ആയാൽ യു.എസിലേയ്ക്കുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി, ബി.പി.ഒ സേവനങ്ങൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. യു.എസ് വിപണിയെ വലിയ രീതിയിൽ ആശ്രയിക്കുന്ന ഇന്ത്യൻ ഐ.ടി കമ്പനികളുടെ ലാഭ മാർജിനിലും തിരിച്ചടി ഉണ്ടായേക്കാം. അതിനാൽ, ഇന്ത്യ തങ്ങളുടെ ക്ലയന്റ് അടിത്തറ വൈവിദ്ധ്യവത്കരിക്കണം. അതേസമയം, ബിൽ യു.എസ് സെനറ്റിൽ അനുമതി നേടുകയും പ്രസിഡന്റിന്റെ അംഗീകാരം നേടുകയും ചെയ്താൽ മാത്രമേ നിയമമാകു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |