
കോഴിക്കോട്: സജീവരാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി സംവിധായകൻ വിഎം വിനുവിന്റെ വാർഡിലെ കൗൺസിലർ കെപി രാജേഷ് കുമാർ. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകിയതായി റിപ്പോർട്ട്. കോഴിക്കോട് നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടെന്ന് രാജേഷ് ഡിസിസിയെ തെറ്റിദ്ധരിപ്പിച്ചെന്ന് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് രാജേഷ് കുമാർ കത്ത് നൽകിയത്.
'മാനസികവും സാമ്പത്തികവുമായ കാരണങ്ങളാൽ എനിക്ക് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് പ്രയാസമുണ്ട്. അതിനാൽ എന്നെ ഏൽപ്പിച്ചിട്ടുള്ള കോർപ്പറേഷനിലെ എട്ടുമുതൽ 12 വരെയുള്ള വാർഡുകളിൽ പ്രവർത്തിക്കും. എന്നാൽ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഈ ഘട്ടത്തിൽ കത്തിലൂടെ അറിയിക്കുന്നു' രാജേഷ് കുമാർ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.
അതേസമയം, വോട്ടർപട്ടികയിൽ പേരില്ലാത്തത് സംബന്ധിച്ചുള്ള സംവിധായകൻ വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്നു വിനു. ഹർജി തള്ളിയതോടെ മത്സരിക്കാനാകില്ല.രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പോലും മനസിലാക്കാത്ത ആളെയാണോ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020ൽ താൻ വോട്ട് ചെയ്തിരുന്നുവെന്ന് വി എം വിനു ഇന്നലെ പറഞ്ഞിരുന്നു. പുതിയ വോട്ടർ പട്ടികയിൽ പേരില്ലാത്തതിന് പിന്നിൽ സി പി എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ചിരുന്നു. വിനുവിന് 2020ലെ തിരഞ്ഞെടുപ്പിലും വോട്ടില്ലായിരുന്നു. കഴിഞ്ഞ ജൂലായിൽ ആദ്യ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ആക്ഷേപമുന്നയിക്കാനുള്ള അവസരം വിനു പ്രയോജനപ്പെടുത്തിയില്ലെന്ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ ആർ ഒ) നേരത്തെ വ്യക്തമാക്കിയിരുന്നു. പേര് ചേർക്കാനും മറ്റും മൂന്ന് തവണ അവസരമുണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വരെ സമയം അനുവദിച്ചിരുന്നെങ്കിലും വിനു അത് പ്രയോജനപ്പെടുത്തിയില്ല. വിനുവിന് മത്സരിക്കാനാകാത്ത സാഹചര്യത്തിൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |