
കൊച്ചി: ലോകമാകെ ആടിയുലഞ്ഞ സാമ്പത്തികമാന്ദ്യത്തിലും സ്വന്തം സംരംഭങ്ങളുമായി മുന്നോട്ടുപോയതാണ് റോയിയുടെ 'കോൺഫിഡൻസ്'. വിപണിയുടെ സ്പന്ദനം തൊട്ടറിയാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് അടിതെറ്റിയത് എപ്പോഴെന്ന ചോദ്യത്തിന് ഉത്തരമില്ല.
എന്ത് പ്രശ്‌നമായാലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതായിരുന്നു രീതി. കൊച്ചിയിൽ പുതിയ ഫ്‌ളാറ്റുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പച്ചാളം, പൈപ്പ്‌ലൈൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇതിനായി പ്രാരംഭനടപടികൾ ആരംഭിച്ചിരുന്നു. ദുബായിലെ ലിവാനിൽ മൂന്നുമാസം മുമ്പാണ് പാർപ്പിട സമുച്ചയങ്ങൾക്ക് ശിലാസ്ഥാപനം നടത്തിയത്. വർഷത്തിൽ രണ്ടോമൂന്നോ തവണമാത്രമാണ് കൊച്ചിയിൽ വന്നിരുന്നതെന്ന് നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു. ഒരു സംരംഭകന് ഏതു പ്രതിസന്ധിയേയും നേരിടാൻ കഴിയണമെന്ന് പറയുമായിരുന്ന റോയിയുടെ വിയോഗം പലർക്കും വിശ്വസിക്കാനാവുന്നില്ല.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗഹാർദപരമായി പെരുമാറിയിരുന്നതായി കൊച്ചിയിലെ പ്രമുഖ വ്യവസായിയായ സുഹൃത്ത് പറഞ്ഞു. കുടുംബാംഗങ്ങളും അതുപോലെ ആയിരുന്നു. ഏതുകാര്യത്തിനും സമീപിക്കാമായിരുന്നു. പ്രളയമുണ്ടായപ്പോഴും കൊവിഡ് കാലത്തും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഹൃദയശസ്ത്രക്രിയകൾക്കും ക്യാൻസർ രോഗികൾക്കുമെല്ലാം സഹായം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |