SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

യുവതിയെ പീഡിപ്പിച്ചശേഷം ജീവനോടെ കെട്ടിത്തൂക്കി, പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

Increase Font Size Decrease Font Size Print Page
naseer

പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീറിന് (നെയ്‌മോൻ -46) ജീവപര്യന്തം കഠിന തടവ്. ലൈംഗിക പീഡനത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കടന്നതിന് ഏഴുവർഷം തടവും അനുഭവിക്കണം. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി. പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) ആണ് കൊല്ലപ്പെട്ടത്.

2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ടിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ടിജിൻ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു. തടിക്കച്ചവടക്കാരനും അയൽവാസിയുമായ നസീർ ടിജിന്റെ പിതാവിന്റെ പരിചയക്കാരനാണ്.സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ. ഈ സമയം എത്തിയ നസീർ കിടപ്പുമുറിയിൽ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടർന്ന് ക്രൂരമായി പീഡിപ്പിച്ചശേഷം ടിഞ്ചുവിനെ മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി നസീർ കടന്നു.


ടിജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് പെരുമ്പെട്ടി എസ്.ഐ ആയിരുന്ന ഷെരീഫ് കുമാറാണ് കേസ് അന്വേഷിച്ചത്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കൽ പൊലീസിന്റെ അന്വേഷണം. ദൂരൂഹത ആരോപിച്ച് പരാതികൾ ഉയർന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.

ടിഞ്ചുവിന്റെ ശരീരത്തിൽ അമ്പതിലധികം മുറിവുകൾ കണ്ടെത്തിയിരുന്നു.മൃതദേഹത്തിലെ നഖത്തിൽ നിന്നു ലഭിച്ച രക്തസാമ്പിളാണ് തുമ്പായത്.

TAGS: CASE DIARY, RAPES, MURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY