തൃശൂർ: കഴിഞ്ഞ മാർച്ചിൽ ജയചന്ദ്രന്റെ 80-ാം പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോയപ്പോൾ, സംഗീതലോകത്തുള്ളവരും ആരാധകരും ചേർന്ന് എൺപതോളം ഗാനങ്ങളാൽ അദ്ദേഹത്തിന് പ്രണാമമൊരുക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തൃശൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഗീതം സംഗീതം കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ജയേട്ടൻ @ 80" പരിപാടിയിൽ സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ, മോഹൻ സിതാര, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ തുടങ്ങിയവർ എത്തിയിരുന്നു. പാടിപ്പാടി ദേവാലയങ്ങളായി മാറിയ പുണ്യാത്മാവാണ് ജയചന്ദ്രനെന്നായിരുന്നു കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ അന്ന് പറഞ്ഞത്.
അതിവേഗം കാറോടിച്ച്...
തൃശൂരിലെ വഴികളിലൂടെ കാറിൽ അതിവേഗം പായുന്ന ജയചന്ദ്രനെ അറിയാത്തവരില്ല. കേരളവർമ്മ കോളേജ് വഴിയിലെ മോഹൻസ് ഹോട്ടലിൽ നിന്ന് ദോശയും മൊരിഞ്ഞ നെയ്യ് റോസ്റ്റും ഇഡ്ഡലിയും കോഫിയും കഴിക്കാനെത്തിയിരുന്ന ജയേട്ടനേയും വർഷങ്ങളായി തൃശൂരുകാർ കാണുന്നു. ഏതാനും മാസമായി ആ ഊർജവും പ്രസരിപ്പും പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതവും മാഞ്ഞപ്പോൾ എല്ലാവർക്കും അതൊരു വേദനയായി. ജിമ്മിൽ വർക്കൗട്ട് ചെയ്യുകയും കൊമ്പൻമീശ പിരിക്കുകയും പല നിറങ്ങളുള്ള പാന്റ്‌സും ടീ ഷർട്ടും അണിയുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ സ്വഭാവവൈചിത്ര്യങ്ങളും അതിശയിപ്പിച്ചു. ഞൊടിയിടയിൽ സ്വഭാവം മാറുന്നത് പോലെ അദ്ദേഹം ബഹുവർണങ്ങളുള്ള വേഷങ്ങൾ മാറുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |