തിരുവനന്തപുരം: വിവാദമായ വനം നിയമ ഭേദഗതി ബിൽ കനത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ മാറ്റിവയ്ക്കുന്നത് ഇത് രണ്ടാം തവണ. വനപാലകർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ 2019ൽ നിയമസഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നെങ്കിലും കമ്മിറ്റി പരിശോധിക്കുകയോ, തിരിച്ച് സഭയിലേക്ക് അയയ്ക്കുകയോ ചെയ്തില്ല.
ഇതു മൂലം കാലഹരണപ്പെട്ടു. ഇതേത്തുടർന്നാണ് പുതിയ കരട് വനംവകുപ്പ് 2024 നവംബർ ഒന്നിന് പ്രസിദ്ധപ്പെടുത്തിയത്.
ഭരണകക്ഷിയായ കേരളാ കോൺഗ്രസ് എം ബില്ല് പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കിയിരുന്നു. സിറോ മലബാർ അടക്കമുള്ള കത്തോലിക്ക സഭാ വിഭാഗങ്ങളും മുസ്ലിം സംഘടനകളും കടുത്ത പ്രതിഷേധം ഉയർത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ 27 മുതൽ യു.ഡി.എഫ് നടത്താനിരുന്ന മലയോര സമര പ്രചാരണ ജാഥയുടെ പ്രധാന വിഷയവും ഈ ബില്ലായിരുന്നു.
2019ൽ ബിൽ അവതരിപ്പിച്ചപ്പോഴും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വ്യവസ്ഥകൾ പരിശോധിക്കാൻ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ഇത്തവണയും വ്യവസ്ഥകൾ വിവാദമായതിനെ തുടർന്ന് സബ്ജക്ട് കമ്മിറ്റി പരിശോധിക്കട്ടെയെന്ന നിലപാടാണ് വനംവകുപ്പ് എടുത്തത്. ഇതിനായി പൊതുജനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് പരിഹാര നിർദ്ദേശങ്ങളടക്കം സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു.
നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ കരട് ബില്ലിന്മേൽ 140 പരാതികളാണ് ലഭിച്ചതെന്നും അവയിൽ ഭൂരിഭാഗവും ബില്ലിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ലെന്നുമായിരുന്നു അധികൃതർ വ്യക്തമാക്കിയത് . എന്നാൽ, ആയിരക്കണക്കിന് പരാതികൾ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് വനംമന്ത്രിയുടെയും അഡി.ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിലും ഇ-മെയിലായും നൽകിയിരുന്നുവെന്നും അവ പൂഴ്ത്തിയെന്നും സിറോ മലബാർ സഭആരോപിച്ചു.
വനത്തിൽ കടന്നാൽ
പിഴ 25000
# വനത്തിൽ പ്രവേശിക്കുകയോ വിഭവങ്ങൾ ശേഖരിക്കുകയോ ചെയ്താൽ ചുമത്തുന്ന പിഴ 1000 രൂപയിൽ നിന്ന് 25,000 രൂപവരെയാവും.
# വനത്തിലൂടെ സഞ്ചരിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളാകും.
അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റിലാവാം
ജനവിരുദ്ധമായ
അമിതാധികാരം
1.വന്യജീവി ആക്രമണങ്ങളുണ്ടാവുമ്പോൾ പ്രതിഷേധിക്കുന്നവരെയടക്കം ബീറ്റ്ഓഫീസർക്കോ അതിനു മുകളിലുള്ള വനംഉദ്യോഗസ്ഥർക്കോ അറസ്റ്റ്ചെയ്ത് തടങ്കലിലാക്കാൻ കഴിയും. നിലവിൽ പൊലീസിനാണ് അധികാരം.
2. റെയ്ഡിനും രേഖകൾ പിടിച്ചെടുക്കാനും വാഹനം തടയാനുമടക്കം പൊലീസിന്റെ അധികാരങ്ങൾ വനംഉദ്യോഗസ്ഥർക്കും കൈവരും. അറസ്റ്റിലാവുന്നവരെ എത്രയുംവേഗം അടുത്ത ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലക്കാരന് മുന്നിൽ ഹാജരാക്കണം.
3.കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പേരും വിലാസവും വെളിപ്പെടുത്തിയില്ലെങ്കിലും വനംഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാം. പ്രതിഷേധിക്കുന്നവരെ ‘കൈകാര്യം’ ചെയ്യാൻ വനം ഉദ്യോഗസ്ഥർ പുതിയ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ശക്തമായിരുന്നു.
1.30 കോടി ജനങ്ങൾ:
വനാതിർത്തി മേഖലയിൽ
താമസിക്കുന്നവർ
430 പഞ്ചായത്തുകൾ:
വനാതിർത്തിയോട്
ചേർന്നുള്ളവ
നിയമം മനുഷ്യർക്ക് വേണ്ടി: മുഖ്യമന്ത്രി
അധികാരം ദുർവിനിയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്ക ഗൗരവത്തോടെ കാണുന്നു. സർക്കാർ മലയോരജനതയ്ക്കൊപ്പമാണ്. അതിനാലാണ് നിയമംതന്നെ വേണ്ടെന്നുവച്ചത്. യു.ഡി.എഫ് കാലത്തെ ഭേദഗതി വനംവകുപ്പ് അതേപടി കൊണ്ടുവന്നതാണ് ആശങ്കയുണ്ടാക്കിയത്. ഏതുനിയമവും മനുഷ്യർക്ക് വേണ്ടിയാവണം. മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും പ്രകൃതിസംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകളായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |