
തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന എം.ആർ.രഘുചന്ദ്രബാൽ അന്തരിച്ചു.75വയസായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞിരംകുളത്തെ കുടുംബവീടായ മാവിളയിൽ നടക്കും.
ഭൗതികദേഹം ഇന്ന് രാവിലെ 8ന് ഇപ്പോൾ താമസിക്കുന്ന ശാസ്തമംഗലം പൈപ്പിൻമൂടിലെകടപ്പത്തല നഗറിലെ വീട്ടിലും പത്തിന് ഡി.സി.സി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കാഞ്ഞിരംകുളത്തേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12ന് കാഞ്ഞിരംകുളം ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൂന്നിന് വിലാപയാത്രയായി മാവിളയിലേക്ക് കൊണ്ടുപോകും.
ഭാര്യ:സി.എം.ഓമന, മക്കൾ:ആർ.വിവേക് (സ്മാർട്ട്സിറ്റി ദുബായ്),ആർ.പ്രപഞ്ച് ഐ.എ.എസ്. (മധ്യപ്രദേശിൽ സബ് കളക്ടർ), മരുമകൾ: മാളവിക വിവേക് (ദുബായ് )
സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എയും ആയിരുന്ന എം.കുഞ്ഞുകൃഷ്ണൻ നാടാരുടെ കുടുംബത്തിൽ പെട്ട എം.രാഘവൻ നാടാരുടേയും കമലഭായിയുടേയും മകനായി 1950 മാർച്ച് 12 ന് ജനിച്ചു. 1978 മുതൽ 1993 വരെ തുടർച്ചയായി കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.1980ൽ കോവളത്തും 1991ൽ പാറശാലയിലും നിന്ന് നിയമസഭാംഗമായി.1991മുതൽ 1995വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.കെ.പി.സി.സി നിർവ്വാഹകസമിതിയംഗം,കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, ബി.എഡ് കോളേജ്, ടി.ടി.സി കോളേജ് എന്നിവയുടെ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രഘുചന്ദ്രബാലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ,കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ തുടങ്ങിയവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |