
കോലഞ്ചേരി: കെട്ടിടത്തിന് കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ ദീപേഷിനെ കാക്കനാട് വച്ച് വിജിലൻസ് സംഘം പിടികൂടി. ചാലിക്കരയിൽ നിർമ്മിച്ച 5,5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗോഡൗണിന് സർട്ടിഫിക്കറ്റ് നൽകാനാണ് പണം വാങ്ങിയത്.
ഗോഡൗൺ നിർമ്മിച്ചപ്പോൾ നിയമാനുസൃതം പൂർത്തിയാക്കേണ്ട ടോയ്ലെറ്റുകൾ നിർമ്മിക്കാത്തതിനാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. അതിനാൽ കെട്ടിട നമ്പർ ലഭിക്കാതെ നാളുകളായി ഉടമ ഓഫീസ് കയറി ഇറങ്ങി. ഇതിനിടെ ദീപേഷ് സർട്ടിഫിക്കേറ്റിന് 20 ലക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ 15 ലക്ഷം രൂപയുടെ ഓഫർ നൽകിയ ശേഷം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 10ഓടെയാണ് കാക്കനാട് സിവിൽ സ്റ്റേഷൻ സമീപമുള്ള ടീ ഷോപ്പിന്റെ മുന്നിൽ വച്ച് ദീപേഷ് 5 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ ചെക്കും വാങ്ങി തന്റെ ലാപ്ടോപ്പിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്. ഇതിനിടെ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ താമസിക്കുന്ന കാക്കനാട് തെങ്ങോട്ടുള്ള വാടകവീട്ടിലും പഞ്ചായത്തിലുമെത്തി ഗോഡൗണുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തു. ദീപേഷിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഒരു മാസം മുമ്പാണ് കണ്ണൂർ സ്വദേശിയായ ദീപേഷ് സ്ഥലം മാറ്റം ലഭിച്ച് പുത്തൻകുരിശിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |