
തിരുവനന്തപുരം: കരിക്കകം സ്വദേശിയായ ജെ ആർ ശിവപ്രിയ പ്രസവശേഷം മരിച്ചത് അണുബാധ മൂലമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സ്റ്റഫൈലോകോക്കസ് ബാക്ടീരിയയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഈ ബാക്ടീരിയ സാധാരണ പൊതുസ്ഥലങ്ങളിലും കാണപ്പെടാമെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ട് എവിടെ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ് എ ടി ആശുപത്രിയിലെ അണുബാധ സ്ഥിരീകരണവുമായി ബന്ധപ്പെട്ടുളള റിപ്പോർട്ടുകൾ വിദഗ്ദ സംഘം പരിശോധിച്ചിരുന്നു.
അതേസമയം, വിദഗ്ദ സമിതിയുടെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നാണ് ശിവപ്രിയയുടെ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിക്കും സർക്കാരിനുമെതിരെ പോരാടിയാലും മരിച്ചുപോയ സഹോദരിയെ തിരികെ കിട്ടില്ലെന്നും നീതി വേണമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
പ്രസവശേഷമുളള അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ എസ് എ ടി ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളിൽ ശിവപ്രിയയും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു വ്യക്തമാക്കി. ശിവപ്രിയ ആരോഗ്യവതിയെന്ന് പരിശോധനയിൽ വ്യക്തമായ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഗർഭസ്ഥ ശിശുവിന് ചലനം കുറവായിരുന്നുവെന്ന കാരണത്താലാണ് ഒക്ടോബർ 19ന് ശിവപ്രിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് എസ് എ ടി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത്.
തുടർന്ന് 37 ആഴ്ച പൂർത്തിയായ ശിവപ്രിയയെ പ്രസവിപ്പിക്കാൻ തീരുമാനിച്ചു. അതിനുവേണ്ട മരുന്നുകളും ചികിത്സയും നൽകുകയും 22 ന് പ്രസവിക്കുകയും ചെയ്തു. 24 ന് ഡിസ്ചാർജ് ചെയ്തശേഷം 26 ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയയ്ക്ക് നടത്തിയ പരിശോധനയിൽ സെപ്ടിക് ഷോക്ക് എന്ന അവസ്ഥ സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ ഏകോപിപ്പിക്കുകയും മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തുവെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |