
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്‌നാനം നടത്തുന്നവർ മൂക്കിൽ വെള്ളം കയറാതെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ളിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.
പമ്പാനദിയിൽ അമീബിക് മസ്‌തിഷ്കജ്വരം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് അധികൃതർ പറയുന്നത്. നദിയിൽ ഒഴുക്കുള്ളതിനാൽ പ്രശ്നമില്ല. ജനുവരിയോടെ നദിയിൽ വെള്ളം കുറയുകയാണെങ്കിൽ ത്രിവേണിയിൽ ചില ഭാഗങ്ങളിൽ തടാകം പോലെ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇവിടെ നല്ല വെയിലുള്ള ഭാഗമായതിനാൽ രോഗബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തീർത്ഥാടന കാലത്ത് ക്ഷേത്രക്കുളങ്ങളിൽ ക്ളോറിനേഷൻ അടക്കമുള്ള ശുചീകരണങ്ങൾ നടത്തണമെന്ന് ദേവസ്വം ബോർഡുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് തീർത്ഥാടനത്തിന് സമാപനമാകും. ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദും മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരിയും ഇന്ന് ചുമതലയേൽക്കും. നാളെ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |