പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ശബരിമലയിൽ കാണിക്കയായും അല്ലാതെയും ലഭിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളും പൂജാപാത്രങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവയുടെ മാറ്റും മൂല്യവും നിർണയിച്ച് അളന്നുതിട്ടപ്പെടുത്തി രജിസ്റ്ററിൽ ഉൾക്കൊള്ളിച്ച ശേഷം ഇവ ദേവസ്വം സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിർദ്ദേശ മുണ്ടെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ദേവസ്വം ബോർഡ് കണക്കെടുപ്പ് നടത്തിയിട്ടില്ല. ഇക്കാര്യം കൊണ്ടുതന്നെ കാണിക്കയായും അല്ലാതെയും ലഭിച്ച സാധനങ്ങൾ എന്തെല്ലാമെന്നത് സംബന്ധിച്ച് ദേവസ്വം ബോർഡിന് യാതൊരു ധാരണയുമില്ല. ദാരുശില്പ പീഠങ്ങൾ നഷ്ടപ്പെട്ട കാര്യം അറ് വർഷം അറിയാതിരുന്നതും ദേവസ്വം ബോർഡിന്റെ ഈ ഉദാസീനത മൂലമാണ്. കോടതിയുടെ ഇടപെടലോടെ നിലവിലുള്ള സാധനങ്ങളുടെ ഓഡിറ്റിംഗ് നടത്താനും ഇനിലഭിക്കുന്നവ ഫോട്ടോഗ്രാഫ് ഉൾപ്പടെയെടുത്ത് ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാനുമാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന.
ശബരിലയിൽ നടവരവായി ലഭിക്കുന്ന സ്വർണം ഉൾപ്പെടെ മൂല്യമുള്ള സാധന സാമഗ്രികൾ ഓഡിറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തിന് മുമ്പ് നൽകിയ ഹർജിയിൽ കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഹർജിയിൽ കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായേക്കും. ദേവസ്വം സ്ട്രോംഗ് റൂമിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ലഭിച്ച ടൺകണക്കിന് സർണമാണ് ഉള്ളത്. ഇവ ഓഡിറ്റു ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന.
ഏൽപ്പിച്ചത് ഷീൽഡ്
എന്നു പറഞ്ഞ്: മിനി
തിരുവനന്തപുരം: സഹോദരൻ തന്നെ ഏൽപ്പിച്ചത് ശബരിമലയിലെ ദ്വാരപാലക പീഠമാണെന്ന് അറിയില്ലായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി അന്തർജനം പറഞ്ഞു.
25ന് പുലർച്ചെ സഹോദരനും മറ്രൊരാളും കൂടി വന്നിരുന്നു. ഷീൽഡ് എന്ന് പറഞ്ഞാണ് സീൽ ചെയ്ത സാധനം എന്നെ ഏൽപ്പിച്ചത്. പായ്ക്കറ്റ് പൊട്ടിക്കാതെ അതുപോലെ തന്നെയാണ് വിജിലൻസിനെ ഏൽപ്പിച്ചത്. 2021 കൊവിഡ് കാലമായിരുന്നു. ഒരു സാധനം കൊണ്ടുവരുമ്പോൾ അതുപോലെ എടുത്ത് ക്ഷേത്രത്തിൽ വയ്ക്കില്ലല്ലോ. ആ സാഹചര്യത്തിലാവാം സഹോദരൻ സൂക്ഷിച്ചത്. മറ്റ് ലക്ഷ്യങ്ങളുണ്ടെങ്കിൽ അത് മറിച്ച് വിൽക്കാമായിരുന്നല്ലോ.
വളരെ കഷ്ടപ്പെട്ട് ജീവിക്കുന്നയാളാണ് എന്റെ സഹോദരനെന്നും മിനി പറഞ്ഞു.
പ്രതികരിക്കുന്നില്ല: മന്ത്രി
ശബരിമല പീഠവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ തത്കാലം പ്രതികരിക്കുന്നില്ലെന്ന് മന്ത്രി വി.എൻ.വാസവൻ. റിപ്പോർട്ട് കോടതിയിൽ എത്തിയശേഷം കാര്യങ്ങൾ വിശദീകരിക്കാം.
ആസൂത്രിത നീക്കം:
പി.എസ്.പ്രശാന്ത്
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. എന്നാൽ ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളെ കൂട്ടിയിണക്കി ബോർഡിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതനീക്കം ചില മേഖലകളിൽ നിന്നുണ്ടായത് ഖേദകരമാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാ ആരോപണങ്ങളുടെയും നിജസ്ഥിതി പുറത്തുവരും.
സ്വർണപ്പാളിയിൽ
നിന്ന് പീഠത്തിലേക്ക്
ടി.എസ് സനൽകുമാർ
പത്തനംതിട്ട: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് നൽകിയ ഇ-മെയിൽ സന്ദേശം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഏഴിനാണ് സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇളക്കിയെടുത്തത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ കോടതിക്ക് റിപ്പോർട്ട് നൽകി. ചെന്നൈയിലെ ഫാക്ടറിയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ തിരികെ എത്തിക്കാനും നടപടിക്രമങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
അപ്പോഴേക്കും 12 സ്വർണപ്പാളികളിൽ രണ്ടെണ്ണം ഉരുക്കി സ്വർണം വേർതിരിച്ചിരുന്നു. കോടതിയിൽ ബോർഡ് ഹാജരാക്കിയ രേഖകളിൽ സ്ട്രോംഗ് റൂമിൽ രണ്ടു പീഠങ്ങൾ ഉള്ളതിനെപ്പറ്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മെയിൽ സന്ദേശത്തിലുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ കോടതി മുഴുവൻ രേഖകളും പിടിച്ചെടുത്ത് സമർപ്പിക്കാനും ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂം പരിശോധിക്കാനും ഉത്തരവിട്ടു.
തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നുതന്നെ പീഠം കണ്ടെത്തിയത്. ബംഗളൂരുവിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം ദേവസ്വം വിജിലൻസ് തുടർ നടപടി സ്വീകരിക്കും.
സഹായിയുടെ കൈവശമുള്ളത്
അറിയില്ലായിരുന്നു: ഉണ്ണികൃഷ്ണൻ
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പ പീഠങ്ങൾ തന്റെ സഹായി വാസുദേവന്റെ കൈവശമുള്ള കാര്യം അറിയില്ലായിരുന്നെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. വിഷയം വിവാദമായതിന് ശേഷമാണ് ഇയാൾ പീഠങ്ങൾ കൈവശമുള്ള കാര്യം തന്നെ അറിയിച്ചത്. പൊലീസിൽ ഏല്പിക്കാൻ പറഞ്ഞെങ്കിലും പേടിമൂലം തന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. കോടതിയിൽ ഇക്കാര്യം അറിയിക്കാനിരിക്കെയാണ് വിജിലൻസ് പരിശോധന നടത്തിയത്. കൂടുതൽ കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് ബംഗളൂരുവിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
സ്പോൺസർമാരെ
കണ്ടെത്തി ഇഷ്ടക്കാരനായി
കീഴ്ശാന്തിയുടെ സഹായിയായാണ് പത്തു വർഷം മുമ്പ് ഉണ്ണികൃഷ്ണൻപോറ്റി ശബരിമലയിൽ എത്തിയത്. ഇയാളുടെ ചില പ്രവൃത്തികളിൽ അനിഷ്ടം തോന്നിയ തന്ത്രി പുറത്താക്കി. തുടർന്ന് ഏറെക്കാലം ശബരിമലയിൽ എത്താതിരുന്ന ഇയാൾ പിന്നീട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കും വൻ വ്യവസായികൾക്കുമൊപ്പമാണ് തിരിച്ചെത്തിയത്. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ദേവസ്വം ബോർഡിന്റെ പല പദ്ധതികൾക്കും സ്പോൺസർമാരെ കണ്ടെത്തി നൽകി. ബോർഡിലെ ഉന്നതരുമായി അടുപ്പം സ്ഥാപിച്ചു. ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റും ചില ഫുഡ് പ്രൊഡക്ടുകളുടെ വിതരണവും നടത്തുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |