
കൊച്ചി: ആദ്യം ഇംഗ്ലീഷിലായിരുന്നു വിധി പ്രസ്താവം. ദിലീപ് കുറ്റവിമുക്തനെന്ന ഭാഗം വന്നപ്പോൾ കോടതിമുറിയിൽ വിധിയറിയാനുള്ള സസ്പെൻസ് അവസാനിക്കുകയായിരുന്നു. മലയാളത്തിൽ വിധി വായിച്ചതോടെ ദിലീപിനും കൂട്ടുപ്രതി ശരത്തിനും ആശ്വാസം. ദിലീപ് നീതി പീഠത്തിനു നേരെ കൈകൂപ്പി. അടുത്തുണ്ടായിരുന്ന അനുജനെയും പ്രതിക്കൂട്ടിൽ നിന്നിരുന്ന സുഹൃത്ത് ശരത്തിനെയും ആശ്ലേഷിച്ചു. ശിക്ഷ നേരിടുന്ന വിജീഷ് കണ്ണീരണിഞ്ഞു. പൾസർ സുനി അക്ഷോഭ്യനായിരുന്നു.
എറണാകുളം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ല കോടതിയുടെ പുതിയ സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് നടി കേസിൽ വിധിപറഞ്ഞ കോടതിമുറി. വിധി വരുന്ന പശ്ചാത്തലത്തിൽ ഇന്നലെ ഇവിടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ജഡ്ജി ഹണി എം. വർഗീസ് രാവിലെ 10നു തന്നെ ചേംബറിൽ എത്തി. കോടതി നടപടികൾ 11ന് തുടങ്ങി. അതിനു മുമ്പേ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും കോടതി ഹാളിൽ പ്രവേശിച്ചു.കോടതിമുറി തിങ്ങിനിറഞ്ഞു.
പ്രതിക്കൂട്ടിനു സമീപം ആദ്യം ഹാജരായത് മണികണ്ഠൻ. സമയം 10.30. പ്രതിക്കൂടിന്റെ മറുതലയ്‌ക്കൽ ഒന്നാം പ്രതി പൾസർ സുനി 10.45ന് എത്തി. പിന്നാലെ വിജീഷ്, സലിം തുടങ്ങിയവരും ഹാജരായി. താഴെ കാത്തിരുന്ന നടൻ ദിലീപ് 10.55ന് അഭിഭാഷകർക്കൊപ്പം കോടതി ഹാളിലെത്തി. സഹോദരൻ അനൂപും കൂട്ടുപ്രതിയും സൃഹൃത്തുമായ ശരത്തും കൂടെയുണ്ടായിരുന്നു. കേസിലെ 9 പ്രതികൾ ജാമ്യത്തിലായിരുന്നു. മറ്റു കേസുകളുള്ള മേസ്തിരി സനിലിനെ ജയിലിൽ നിന്നാണ് കൊണ്ടുവന്നത്.
കേസ് വിളിച്ചപ്പോൾ പ്രതിക്കൂട്ടിലേക്ക് കടന്ന ദിലീപും മറുതലയ്‌ക്കൽ നിന്ന പൾസർ സുനിയും തമ്മിൽ ഒരു നോട്ടം പോലുമുണ്ടായില്ല. എന്നാൽ മണികണ്ഠനോട് ദിലീപ് എന്തോ പറഞ്ഞിരുന്നു.
പ്രതികൾക്കുമുന്നിൽ നിന്ന അഭിഭാഷകരോട് ഒതുങ്ങിനിൽക്കാൻ കോടതി അഭ്യർത്ഥിച്ചു. തുടർന്ന് ഏതാനും വരികളിൽ വിധിയുടെ പ്രസക്തഭാഗങ്ങൾ വായിച്ചു.
മണികണ്ഠൻ കയർത്തു
ജഡ്ജിയെത്തും മുമ്പേ തന്നെ കോടതിഹാളിൽ തിരക്ക് ക്രമാതീതമായിരുന്നു. പ്രതിക്കൂട്ടിലേക്കുള്ള പ്രവേശനമാർഗത്തിലും ആളുകൾ നിറഞ്ഞു. ദിലീപിനോടു ചേർന്ന് അവിടെ നിന്നിരുന്ന മൂന്നാംപ്രതി മണികണ്ഠൻ അസ്വസ്ഥനായി. അടുത്തുണ്ടായിരുന്ന ആളോട് കയർത്തു. 'കേസ് വിളിക്കുമ്പോൾ കയറേണ്ടതാണ്, മാറി നിന്നില്ലെങ്കിൽ പറത്തും" എന്ന് പ്രതി ഒച്ചവച്ചു. മര്യാദ പാലിക്കണമെന്ന് ഒരു വനിതാ അഭിഭാഷക നിർദ്ദേശിച്ചു. 'നിങ്ങൾക്ക് എന്താണ് പ്രശ്ന"മെന്ന് അവരോടും മണികണ്ഠൻ ചോദിച്ചു. ജഡ്ജി വന്നതോടെ രംഗം ശാന്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |