
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ ആരോപണം ഒത്തുതീർപ്പിലേയ്ക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി.
'ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ് പറ്റും. മന്ത്രിയായത് കൊണ്ട് അത് ലോകം മുഴുവൻ അറിഞ്ഞു. മന്ത്രി ഇതിന് സമൂഹത്തോട് ക്ഷമാപണം ചോദിക്കേണ്ട ആവശ്യമില്ല. എന്നോട് ചോദിച്ചാൽ മതിയല്ലോ? ഇനി ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച വേണ്ട. എല്ലാവരോടും ഞാൻ അതാണ് ആവശ്യപ്പെടുന്നത്'- ബിന്ദു വ്യക്തമാക്കി.
കെ ബി ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയത്. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്നും ബിന്ദു ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി. ബലപ്രയോഗത്തിലൂടെ ഫോൺ പിടിച്ചുവാങ്ങാൻ സ്റ്റാഫ് ശ്രമിച്ചു. ജീവൻ അപകടത്തിലാവുമെന്ന് തോന്നിയപ്പോൾ, സഹോദര ഭാര്യയും മുൻ ഡി.ജി.പിയും തലസ്ഥാനത്തെ കൗൺസിലറുമായ ആർ.ശ്രീലേഖയെ ഫോണിൽവിളിച്ച് വിവരമറിയിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |