
കൊച്ചി: താൻ പീഡനത്തിനിരയായ സംഭവത്തിലെ കോടതിവിധിയിൽ നിരാശയുണ്ടെങ്കിലും പോരാട്ടം തുടരാൻ തന്നെയാണ് അതിജീവിതയുടെ നിലപാട്. ജീവിതം തന്നെ മാറ്റിമറിച്ച പീഡനക്കേസിലെ വിധിയോട് പ്രതികരിക്കാൻ അവർ തയ്യാറല്ലെങ്കിലും ഉയർന്ന കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള സാദ്ധ്യതകൾ തേടുകയാണ് നടിയോട് അടുത്ത വൃത്തങ്ങൾ.
തന്നെ നേരിട്ട് ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പായെങ്കിലും അതിന് അവരെ നിയോഗിച്ചെന്നു കരുതുന്നവർ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ ഖിന്നയാണ് നടി. സംഭവം നടന്ന് എട്ടര വർഷമായെങ്കിലും അതിന്റെ ആഘാതത്തിൽ നിന്ന് ഇന്നും മുക്തമായിട്ടില്ല. വേദനയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോയ കാലത്ത് ഏകപ്രതീക്ഷയായിരുന്നു കോടതി. ആവശ്യമെങ്കിൽ സ്വന്തം നിലയിൽ തന്നെ കോടതിയെ സമീപിക്കാനുള്ള സാദ്ധ്യതയും തേടുന്നുണ്ടെന്നാണ് സൂചന. നടിയുടെ അഭിഭാഷകയും ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ആക്രമണത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് സമ്പൂർണമായും നടിക്ക് വിട്ടുനിൽക്കേണ്ടി വന്നു. വിവാഹനിശ്ചയ ശേഷം ഉണ്ടായ സംഭവത്തിൽ വരനായെത്തിയ ആൾ കൈവിട്ടില്ലെന്നതാണ് ഏക ആശ്വാസം. സിനിമയിലെ നല്ലൊരു പങ്ക് വനിതകളും ഒപ്പം നിന്നു.
എങ്കിലും എല്ലാ കുറ്റാരോപിതരും ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം നടപ്പായില്ലെന്നതിന്റെ വിഷമം അവർ സുഹൃത്തുക്കളോട് പങ്കുവച്ചിട്ടുണ്ട്. അതിജീവിതയെന്ന നിലയിൽ ഇനി ഒളിച്ചിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പേരും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കാനുള്ള ധൈര്യവും യുവതിക്കുണ്ടായി. മലയാള സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതാണ് ഈ കേസ്. നടികൾക്കും വനിതാ ടെക്നീഷ്യന്മാർക്കും വലിയ ആത്മവിശ്വാസം പകർന്നതാണ് ഈ കേസിൽ നടന്ന പോരാട്ടം. നിയമപരവും അല്ലാതെയുമുള്ള സംരക്ഷണ വലയവും ഒരുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |