സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തി അമീബിക് മസ്‌തിഷ്‌കജ്വര ബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. രോഗബാധയേറ്റുള്ള മരണനിരക്കും കൂടുന്നതായാണ് റിപ്പോർട്ടുകൾ. രോഗബാധയേറ്റ് ചികിത്സയിലുള്ളവരിൽ കൂടുതലും തിരുവനന്തപുരം ജില്ലക്കാരാണെന്നാണ് വിവരം. ഇതിനിടെ അമീബിക് മസ്‌തിഷ്‌കജ്വരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി മേധാവിയായിരുന്ന ഡോ.ഹാരിസ് ചിറയ്ക്കൽ പങ്കുവച്ച സമൂഹമാദ്ധ്യമക്കുറിപ്പ് ശ്രദ്ധനേടുകയാണ്.
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ലെന്നും മാലിന്യം വലിച്ചെറിയൽ ശീലമാണ് കാരണമെന്നുമാണ് ഡോക്‌ടർ കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമീബിക് മസ്തിഷ്‌കജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ.
കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |