സാജു തോമസ്
കൊച്ചി: സംസ്ഥാനത്ത് പുതുതായി 2670 ബി.ടെക് സീറ്റുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിൽ വരുന്ന വിവിധ ഓട്ടോണമസ് കോളേജുകൾ, CAPEന് കീഴിൽ വരുന്ന കോളേജുകൾ, LBS സെന്ററുകൾ, സ്വാശ്രയ- സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 38 കോളേജുകളിലാണ് ഈ സീറ്റു വർദ്ധന. തൊഴിൽ സാദ്ധ്യത ഏറ്റവുമുള്ള കമ്പ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിലാണ് 2040 സീറ്റുകളും അനുവദിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോഗ്രാമിനാണ് മുൻഗണന. സൈബർ സെക്യൂരിറ്റി, ഡേറ്റ സയൻസ് പ്രോഗ്രാമുകളാണ് തൊട്ടുപിന്നിൽ. കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞാൽ കൂടുതൽ സീറ്റുകൾ അനുവദിച്ചിരിക്കുന്നത് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗിലാണ്. 390 സീറ്റുകൾ.
പരമ്പരാഗത എൻജിനിയറിംഗ് മേഖലകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയവയ്ക്ക് തൊഴിൽ സാദ്ധ്യത കുറഞ്ഞതോടെ പല കോളേജുകളിലും ഈ ബ്രാഞ്ചുകളിൽ അനുവദനീയമായതിന്റെ 25ശതമാനം സീറ്റുകളിൽ പോലും വിദ്യാർത്ഥികളില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ആകെ 56000ത്തോളം ബി.ടെക് സീറ്റുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 20000 സീറ്റുകളെങ്കിലും കഴിഞ്ഞ അദ്ധ്യയന വർഷം വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുകയാണ്.
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എന്നിവയ്ക്ക് ആവശ്യക്കാരേറിയതോടെ സീറ്റുകൾ കിട്ടാത്ത സ്ഥിതിയും ഉണ്ട്. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഇപ്പോഴത്തെ സീറ്റ് വർദ്ധന. കഴക്കൂട്ടം മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ & പ്ലാനിംഗ്, വലമ്പൂർ (മലപ്പുറം) കെ.എ.സി.ടി ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട് കെ.എം.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ്, വടകര കെ.എം.സി.ടി കോളേജ് ഒഫ് ടെക്നോളജി എന്നീ നാല് പുതിയ കോളേജുകൾക്കും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |