
തിരുവനന്തപുരം: കൃഷി വകുപ്പിൽ അഗ്രിക്കൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 506/2024) നിയമനത്തിന് 1011 പേരുടെ റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചു.
ഇതേ തസ്തികയുടെ കഴിഞ്ഞ റാങ്ക്പട്ടികയിൽ നിന്ന് 569 പേർക്ക് നിയമനശുപാർശ അയച്ചിട്ടുണ്ട്.
പുതിയ ലിസ്റ്റിന്റെ മെയിൻലിസ്റ്റിൽ 583 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 413 പേരും ഭിന്നശേഷി ഉപപട്ടികയിൽ 15 പേരും ഉൾപ്പെട്ടിട്ടുണ്ട്. സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്ന 1159 പേർക്ക് അഭിമുഖവും രേഖാപരിശോധനയും പൂർത്തിയാക്കിയപ്പോൾ 148 പേർ പുറത്തായിരുന്നു .
കഴിഞ്ഞ ജൂലായ് 4 ന് നടന്ന ഒ.എം.ആർ പരീക്ഷയിൽ 33.33 മാർക്കോ അതിനുമുകളിലോ നേടിയ 599 പേരെയാണ് ഷോർട്ട് ലിസ്റ്റിന്റെ മുഖ്യവിഭാഗത്തിൽ തിരഞ്ഞെടുത്തത്. തുടർന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ നടത്തി. മാർച്ച് 2-നാണ് റാങ്ക്പട്ടിക നിലവിൽ വന്നത്. പരീക്ഷയെഴുതിയവർക്ക് മാർക്ക് പുനഃപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പിനും പ്രൊഫൈലിലൂടെ ഇന്നുകൂടി അപേക്ഷിക്കാം.
കഴിഞ്ഞ പട്ടിക മൂന്നുവർഷ കാലാവധി പൂർത്തിയായതോടെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് റദ്ദായിരുന്നു . ഈ ലിസ്റ്റിൽ നിന്നും ഓപ്പൺ കോമ്പറ്റീഷനിൽ 425-ാം റാങ്ക് വരെയുള്ളവർക്ക് നിയമനശുപാർശ ലഭിച്ചിട്ടുണ്ട്. എസ്.സി.സി.സി. വിഭാഗത്തിന് അർഹതപ്പെട്ട നാല് ഒഴിവുകൾ എൻ.സി.എ വിജ്ഞാപനത്തിനായി മാറ്റിയിരുന്നു. ലോ വിഷൻ വിഭാഗത്തിലും ഹിയറിംഗ് ഇമ്പയേർഡ് വിഭാഗത്തിലും അഞ്ച് വീതം ഒഴിവുകൾ പുതിയ റാങ്ക്പട്ടികയിൽ നിന്ന് നികത്താനായി മാറ്റിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |