കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലു വർഷം 6,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഉച്ചകോടി സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2000 കോടി രൂപ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചു. കിഫ്ബി, പ്ലാൻ ഫണ്ട്, റൂസ തുടങ്ങിയ പദ്ധതികളിലായി വികസനം നടപ്പാക്കി. കേരള, എം.ജി സർവകലാശാലകളിലെ ലാബ് കോംപ്ലക്‌സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങളായി മാറ്രി. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ 250 കോടി രൂപ ചെലവഴിച്ചു. 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ നിലവാര പരിശോധനകളിൽ മികച്ച സ്ഥാനങ്ങളാണ് സ്ഥാപനങ്ങൾ കരസ്ഥമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
• നാലുവർഷ ബിരുദം ഗുണകരം
പുതുതായി അവതരിപ്പിച്ച നാലുവർഷ ബിരുദം ഗുണകരമാണെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഒരു സെമസ്റ്ററാണ് പൂർത്തിയായത്. പുതിയൊരു രീതി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികബുദ്ധിമുട്ടുകൾ ഇക്കാര്യത്തിലില്ല. പഠനം സുഗമമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. സർക്കാർ കോളേജുകളിൽ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതൽ മെച്ചപ്പെട്ട ക്രമീകരണം ഏർപ്പെടുത്തും.
• നാലു ശതമാനം
കേരളത്തിൽ നിന്ന് എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നെന്ന പ്രചാരണം ശരിയല്ല. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാദ്ധ്യമാകുന്നു. രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്നവരിൽ നാലു ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂ. കുട്ടികൾ പുറത്തുപോയി പഠിക്കരുതെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
'സ്റ്റഡി ഇൻ കേരളയ്ക്ക് 'വേഗം പകരാൻ
കൊച്ചിയിൽ രാജ്യാന്തര ഉച്ചകോടി
സ്വന്തം ലേഖകൻ
കൊച്ചി: വിദേശത്തു നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ആരംഭിച്ച 'സ്റ്റഡി ഇൻ കേരള" പദ്ധതിക്ക് കരുത്തേകാൻ 14ന് കൊച്ചിയിൽ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ സാദ്ധ്യതകൾ ചെയ്യുന്ന ഉച്ചകോടി കുസാറ്റ് ക്യാമ്പസിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ബിന്ദു, വ്യവസായമന്ത്രി പി. രാജീവ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. ലോകത്തെ പ്രമുഖ സർവകലാശാലകളിലെ പ്രൊഫസർമാർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ സംസാരിക്കും. വ്യവസായ പ്രമുഖരുൾപ്പെടെ 2000ലേറെ പ്രതിനിധികൾ പങ്കെടുക്കും.
ഉച്ചകോടിക്കു മുന്നോടിയായി 13ന് കളമശേരി രാജഗിരി കോളേജിൽ സ്റ്റഡി ഇൻ കേരള എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിക്കും. രാവിലെ 11ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മിഷിഗൺ സർവകലാശാലയിലെ ഡോ. സക്കറിയ മാത്യു ശില്പശാല നയിക്കും.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളർത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമാണ് അന്താരാഷ്ട്ര ഉച്ചകോടി
മന്ത്രി ഡോ. ആർ. ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |