
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ചു മാസം അകലെയാണെങ്കിലും പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു മുന്നണികൾ.
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടവും കോട്ടവും അപഗ്രഥിച്ച് മുന്നേറാനുള്ള അത്യദ്ധ്വാനത്തിലാണ്.
തദ്ദേശത്തിൽ കിട്ടിയ കുതിപ്പിന്റെ ആവേശത്തിൽ എണ്ണയിട്ട യന്ത്രം പോലെ നീങ്ങുകയാണ് യു.ഡി.എഫ്. മുന്നണി വിപുലീകരണത്തിനും തുടക്കമിട്ടു. ഇത് എൽ.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ജനവിശ്വാസം വീണ്ടെടുക്കാനുള്ള തന്ത്രങ്ങളോർത്ത് തല പുകയ്ക്കുകയാണ് എൽ.ഡി.എഫ്. കൂടെയുള്ള കക്ഷികൾ ചാടിപ്പോകാതിരിക്കാനുള്ള തന്ത്രങ്ങളും മെനയണം.
കുതിപ്പ് തുടരാൻ യു.ഡി.എഫ്
നിയമസഭയിൽ നൂറ് സീറ്റാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവകാശപ്പെട്ടിരുന്നു. പലരും പരിഹസിച്ചു. ചിലർ പുച്ഛിച്ചു. അല്പം കഴമ്പുണ്ടെന്ന് ഇപ്പോൾ, മിക്കവർക്കും ബോദ്ധ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ, എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ പ്ളാൻ തയ്യാറാക്കിയിട്ടുണ്ട്. മുന്നണിക്കുള്ളിലെ ഇഴയടുപ്പം കൂട്ടുകയും കൂട്ടായ തീരുമാനങ്ങൾ വഴി ബന്ധം സുദൃഢമാക്കുകയുമാണ് മറ്റൊരു തന്ത്രം. ശബരിമല വിഷയത്തിന്റെ കാഠിന്യം കൂടിയാൽ തങ്ങളുടെ ജോലി കുറേക്കൂടി എളുപ്പമാവുമെന്നും കരുതുന്നു.
വീഴ്ച പഠിക്കാൻ എൽ.ഡി.എഫ്
തിരഞ്ഞെടുപ്പിന് ഒരു ഗെയിംപ്ളാൻ തയ്യാറാക്കിയാൽ കണ്ണടച്ചു തുറക്കും മുമ്പ് അത് പ്രയോഗത്തിൽ കൊണ്ടുവരാനുള്ള ശേഷിയാണ് എൽ.ഡി.എഫിന്റെ പ്ളസ് പോയിന്റ്. തോൽവിയുടെ കാരണങ്ങൾ സമഗ്രമായി അപഗ്രഥനം ചെയ്തുതുടങ്ങി. സംഘടനാ തലത്തിലുണ്ടായ വീഴ്ച, രാഷ്ട്രീയ തലത്തിലെ വീഴ്ച എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പരിശോധന. ഏരിയ, ജില്ലാ തലം കഴിഞ്ഞ് റിപ്പോർട്ടുകൾ സംസ്ഥാന തലത്തിൽ വിശകലനം ചെയ്യും. ജനുവരിയിൽ ഈ നടപടികൾ പൂർത്തിയാക്കിയിട്ടേ സീറ്റ് വിഭജനത്തിലേക്ക് കടക്കൂ.
അടുത്ത ചുവട് ബി.ജെ.പിക്ക് പ്രധാനം
ഇതുവരെയുള്ള നേട്ടങ്ങൾ വച്ചുകൊണ്ട് നിയമസഭയിൽ ഒരു കയറികളിയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ലോക് സഭാ തിരഞ്ഞെടുപ്പിൽ എം.പിയെകിട്ടി. തിരുവനന്തപുരം കോർപ്പറേഷനും കൈപ്പിടിയിലായി. രണ്ട് നഗരസഭകളിലും 28 ഓളം ഗ്രാമപഞ്ചായത്തുകളിലും ഭരണവും കിട്ടി. ഇതു മുതലാക്കാനുള്ള അമ്പരപ്പിക്കുന്ന ഗെയിം പ്ളാൻ അവർ പുറത്തിറക്കും. പ്രധാനമന്ത്രിയെ കൊണ്ടുവന്ന് പ്രഖ്യാപനങ്ങൾ നടത്തിച്ചാലും അത്ഭുതമില്ല.
യു.ഡി.എഫ് വഴിയമ്പലമല്ല
അൻവർ മാന്യതയോടെ
പ്രവർത്തിക്കണം: മുല്ലപ്പള്ളി
കോഴിക്കോട്: മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യു.ഡി.എഫിനും കോൺഗ്രസിനും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യു.ഡി.എഫ് മാറരുത്. വഴിയമ്പലമായി യു.ഡി.എഫിനെ നോക്കിക്കാണാൻ കഴിയില്ല. പി.വി.അൻവറെ അടക്കം അസോസിയേറ്റ് മെമ്പറാക്കിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി. യു.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ അൻവർ മാന്യതയോടെ പോകണം. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക സാദ്ധ്യമല്ല. എല്ലാവർക്കും എം.എൽ.എ സ്ഥാനം വേണമെന്ന് പറഞ്ഞാലും അംഗീകരിക്കാൻ പ്രയാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |