
തിരുവനന്തപുരം: കൂറുമാറ്റം, കാലുവാരൽ, കുതികാൽവെട്ട്... പഞ്ചായത്ത് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്നലെ കണ്ടത് പൊറാട്ട് നാടകങ്ങളുടെ ഘോഷയാത്ര. ഇതിൽ പലരും വീണു. പ്രതീക്ഷിക്കാത്ത പലരും നേടി. നറുക്ക് ഭാഗ്യം പലയിടത്തും അനുഗ്രഹവും വില്ലനുമായി. കൈയബദ്ധത്തിന്റെ നാണക്കേടുമുണ്ട് നാടാകെ. പാർട്ടി വിപ്പ് പലരും കൈപ്പറ്റിയില്ല. മറുപക്ഷത്തിന്റെ ഒളിത്താവളത്തിൽ നിന്ന് വോട്ടെടുപ്പുസമയത്ത് പൊങ്ങുകയായിരുന്നു. ഇവിടങ്ങളിൽ കേസും കോടതികയറ്റവും ബാക്കി.
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എട്ടു കോൺഗ്രസ് പ്രതിനിധികളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി പിന്തുണയോടെ വിമതയെ പ്രസിഡന്റാക്കിയതാണ് ഏറ്റവും വലിയ അട്ടിമറി. പിന്നാലെ, ഡി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫിയെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു.
എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച മൂന്ന് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാർ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് രാജിവച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ, തൃശൂർ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റുമാരാണ് രാജിവച്ചത്.
വടകര ബ്ളോക്കിൽ യു.ഡി.എഫിനൊപ്പം തുല്യതപാലിച്ചിരുന്ന (7-7) എൽ.ഡി.എഫിന് പാരവച്ച് ആർ.ജെ.ഡി അംഗം മറുകണ്ടം ചാടി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരണംപിടിച്ചു. കുട്ടനാട്ടെ പുളിങ്കുന്ന് പഞ്ചായത്തിൽ ഒരു സീറ്റിന് മുന്നിലായിരുന്നിട്ടും യു.ഡി.എഫിനെ ചതിച്ചത് സ്വന്തം അംഗം. കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ ഔസേപ്പച്ചൻ എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായി. അഗളിയിൽ യു.ഡി.എഫ് അംഗം മഞ്ജു കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റായി.
കുമരകം പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും കൈകോർത്തതോടെ, വ്യക്തമായ ഭൂരിപക്ഷമുള്ള എൽ.ഡി.എഫ് വീണു. നറുക്കെടുപ്പിൽ യു.ഡി.എഫ് അംഗം പ്രസിഡന്റായി. എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും സീറ്റുമാണുള്ളത്.
ചേലക്കരയിൽ എൽ.ഡി.എഫ് അംഗം രാമചന്ദ്രൻ മാറി വോട്ടിട്ടതോടെ ഭരണം യു.ഡി.എഫ് നേടി. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ഒരു വോട്ട് അസാധുവായെങ്കിലും എൽ.ഡി.എഫിനെ ഭാഗ്യം തുണച്ചു. എൽ.ഡിഎഫും യു.ഡിഎഫും 9-9 എന്ന നിലയിലായെങ്കിലും നറുക്കിലൂടെ സി.പി.ഐയിലെ സരള പ്രസിഡന്റായി.
പാലക്കാട് പെരുങ്ങോട്ടുകുറിശ്ശിയിൽ 60 വർഷത്തിനുശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി. എൽ.ഡി.എഫ്- ഐ.ഡി.എഫ് സഖ്യം അധികാരത്തിലേറി. സി.പി.എം വിമതയുടെ വോട്ടാണ് തുണച്ചത്. ഉദുമ പഞ്ചായത്തിൽ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ചന്ദ്രൻ വോട്ട് അസാധുവാക്കി. നറുക്കെടുപ്പിൽ സി.പി.എം അംഗം പ്രസിഡന്റായി. യു.ഡി.എഫുമായി തുല്യത പാലിച്ച കണ്ണൂർ മുണ്ടേരിയിൽ എൽ.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധു. 40 വർഷത്തിനു ശേഷം യു.ഡി.എഫിന് പ്രസിഡന്റ്.
അസാധുവാക്കി
പണികൊടുത്തു
തൃശൂർ പാറളത്തും തിരുവനന്തപുരം വെമ്പായത്തും ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫ് വീണത് ഓരോ അംഗങ്ങൾ വോട്ട് അസാധുവായതോടെ. പാറളത്ത് ബി.ജെ.പിയും വെമ്പായത്ത് എൽ.ഡി.എഫുമാണ് നേടിയത്. അതേസമയം, വയനാട്ടെ മൂപ്പാനാട് പണികിട്ടിയത് എൽ.ഡി.എഫിന്. ഒരു സീറ്റിന്റെ ലീഡുണ്ടായിരുന്നു. പക്ഷേ, ഒരംഗം അസാധുവാക്കിയതോടെ തുല്യനില. നറുക്കിൽ ഭാഗ്യം യു.ഡി.എഫിനൊപ്പം. പണം വാങ്ങി മനപ്പൂർവം അസാധുവാക്കിയെന്ന ആരോപണം പലയിടത്തും ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |